ibrahim-kunju

കൊച്ചി : മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധന സമയത്ത് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈക്കോടതി നിർദ്ദേശം നൽകി.

പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് കളമശേരി സ്വദേശി ജി. ഗിരീഷ്ബാബു നൽകിയ ഉപഹർജിയിൽ സർക്കാരിന്റെ വിശദീകരണവും കോടതി തേടി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ വിശദീകരണത്തിന് സമയം വേണമെന്ന് ഇ.ഡിക്ക് വേണ്ടി അസി. സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ഫ്ളൈഒാവർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിന്റെ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞ് ഫ്ളൈഒാവർ നിർമ്മാണത്തിൽ നിന്നുൾപ്പെടെ അനധികൃതമായി നേടിയ കള്ളപ്പണമാണ് വെളുപ്പിച്ചതെന്നും വിജിലൻസ് ഇക്കാര്യം കൂടി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഗിരീഷ്ബാബു നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. ഏപ്രിൽ ഏഴിനു വീണ്ടും പരിഗണിക്കും.

ഫ്ളൈഒാവർ നിർമ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ ഉൾപ്പെടെ നാലു പേരെ നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്ത അന്വേഷണസംഘം അദ്ദേഹം ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഉന്നത സ്വാധീനമുള്ള ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കേസന്വേഷണം അട്ടിമറിക്കാൻ ഇതിടയാക്കുമെന്നുമാണ് ഹർജിക്കാരന്റെ ആക്ഷേപം.

ഫ്ളൈഒാവർ അഴിമതിക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് ഡിവൈ.എസ്.പി അശോക്‌ കുമാറിനെ ഇബ്രാഹിംകുഞ്ഞിന്റെ സ്വാധീനത്തിനു വഴങ്ങിയെന്ന് കണ്ടെത്തി മാർച്ച് 11 ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്.