malinyam
വടയമ്പാത്തു മല ഭാഗത്ത് റോഡരുകിൽ തള്ളിയ മാലിന്യം

കോലഞ്ചേരി: പുത്തൻകുരിശ് വടയമ്പാത്തു മലയിൽ,മല പോലെ മാലിന്യം. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ നിരവധി ചാക്കുകളാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏലപ്പാറ പഞ്ചായത്തിൽ നിന്നും നീക്കിയ മാലിന്യം കൂടി തള്ളിയതോടെ ഈ വഴി മാലിന്യം കൊണ്ട് നിറഞ്ഞു. മൂക്കു പൊത്താതെ വാഹനയാത്ര പോലും ദുസഹമായി. കൊച്ചി ധനുഷ് ക്കോടി ദേശീയ പാതയിൽ നിന്നും കൊച്ചി ഇൻഫോപാർക്ക്, കാക്കനാട് സ്മാർട്ട് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുത്തൻകുരിശ് നിന്ന് പോകുന്ന പ്രധാന റോഡാണിത്. ആൾ താമസം കുറഞ്ഞ ഇവിടെ രാത്രിയുടെ മറവിൽ സമൂഹ വിരുദ്ധരാണ് മാലിന്യം തള്ളുന്നത്. സമീപത്തെ അറവുശാലകൾ, പച്ചക്കറി, മത്സ്യ, കോഴിക്കടയിലെ വേസ്റ്റുകളടക്കം ഇവിടെ തള്ളുന്നുണ്ട്.

കരാറെടുത്തിരിക്കുന്നവരും കയ്യൊഴിഞ്ഞു

കഴിഞ്ഞ കുറച്ചു നാളുകളായി പുത്തൻകുരിശിലും സമീപ പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിൽ വടക്കഞ്ചേരി നഗരസഭയുടെ മാലിന്യം ലോഡു കണക്കിന് തള്ളിയത് അടുത്ത നാളിലാണ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ മാലിന്യങ്ങൾക്ക് തീ പടർന്നതോടെ ഇവിടെ പുറമെ നിന്നുള്ള മാലിന്യങ്ങൾ പഴയതു പോലെ നിക്ഷേപിക്കാൻ അനുവദിക്കുന്നില്ല. ഇതോടെയാണ് സമീപ മേഖലകളിൽ നിന്നും മാലിന്യം നീക്കാൻ കരാറെടുത്തിരിക്കുന്നവർ ബ്രഹ്മപുരത്ത് തള്ളാൻ കൊണ്ടു വരുന്ന മാലിന്യം ആളൊഴിഞ്ഞ മേഖലകളിൽ നിക്ഷേപിച്ച് മടങ്ങുന്നത്.

ആരോഗ്യ ഭീഷണി ഉയർത്തുന്നു

വടയമ്പാത്തു മലയിൽ മാലിന്യങ്ങൾ കിടന്നു ചീഞ്ഞളിയുന്നത് മേഖലയിൽ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ട്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി എൻ.അനിൽകുമാർ, സീനിയർ സ്റ്റാഫ് കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പൊതു നിരത്തിൽ മാലിന്യം നിക്ഷേപിച്ച ഏലപ്പാറ പഞ്ചായത്തിനെതിരെ കേസുമായി മുന്നോട്ടു പോകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു.

മാലിന്യം മാറ്റിയില്ലെങ്കിൽ നടപടിയിലേക്ക്

ഏലപ്പാറയിലെ മാലിന്യം പുത്തൻകുരിശിലേയ്ക്ക് തള്ളിയ സംഭവത്തിൽ മാലിന്യം നീക്കുന്നതിന് ഏലപ്പാറ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാലിന്യം എടുത്തു മാറ്റിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും.

പി.കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡൻ്റ്