കോലഞ്ചേരി: അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വേനലവധിക്കാലം കാരണം വിദ്യാലയത്തേയും കൂട്ടുകാരേയും വിട്ടുപിരിയേണ്ടിവന്നതിൽ വേദനിച്ചിരുന്നവർക്ക് ഇനി കഥാപുസ്തകങ്ങളും പൂമൊട്ടും കൂട്ടുകാരാകും. പുറ്റുമാനൂർ സർക്കാർ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വായനയ്ക്കും പഠനത്തിനും വേണ്ടി 'ഇനി എൻ്റെ കൂട്ട് കഥാപുസ്തകവും പിന്നെ പൂമൊട്ടും' എന്ന പദ്ധതി വിദ്യാഭ്യാസ പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾ അപ്രതീക്ഷിതമായി അടക്കേണ്ടിവന്നതുമൂലം വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ എന്ത് നടപടി എന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞ പദ്ധതിയാണ് പുറ്റുമാനൂരിൽ ജനകീയമായത്. വിദ്യാലയത്തിലെ വായനശാലയിൽ നിന്ന് ഓരോ കുട്ടികളുടെ വീട്ടിലേക്കും അവരുടെ ക്ലാസ് നിലവാരത്തിനനുസരിച്ചുള്ള പത്തുവീതം പുസ്തകങ്ങൾ അടങ്ങിയ സഞ്ചി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘം എത്തിക്കും. പദ്ധതി പഞ്ചായത്തംഗം ലിസി ഏലിയാസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ആർ. ഹരിഹരൻ അദ്ധ്യക്ഷനായി. മാതൃസംഘം അദ്ധ്യക്ഷ അഞ്ജു അമൽ, എം.എ വേണു, മിനി വി. ഐസക്, കെ.എസ് മേരി, എം.സി സരസു, എൻ.കെ കൃഷ്ണജ, ജാസ്മിൻ കെ. ജോസഫ്, ജിഷ സെബാസ്റ്റ്യൻ, അജിത വിജയകുമാർ ജിഷ ഹരിഹരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പൂമൊട്ട്
ലഭിച്ച പുസ്തകങ്ങൾ പത്തുദിവസം കൊണ്ട് വായിക്കുകയും വായിച്ച പുസ്തകത്തെക്കുറിച്ച്, പഞ്ചായത്ത് 'ദിശ' പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും വായനക്കുറിപ്പ് എഴുതുന്നതിനായി നൽകിയിട്ടുള്ള 'പൂമൊട്ട്' എന്ന പതിപ്പിലേക്ക് എഴുതുകയും വേണം.ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് കുറിപ്പെഴുതുന്നവർക്ക് പി.ടി.എ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.