തൃക്കാക്കര: ജില്ലയിലെ 26,256 അയൽക്കൂട്ടങ്ങൾക്ക് കൊറോണ വൈറസ് ബാധക്കെതിരെ ബോധവത്കരണം നൽകും. ഞായറാഴ്ച്ചയിലെ അയൽക്കൂട്ട യോഗത്തിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട ശ്രദ്ധയും മുൻകരുതലുകളെക്കുറിച്ചും ബോധവത്ക്കരണം നൽകുക. ചുമ, പനി, തുമ്മൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കുടുംബത്തിലെ പ്രായമായവർക്കും മറ്റുള്ളവർക്കും ഉണ്ടോയെന്നും വീട്ടിൽ ആവശ്യത്തിന് ഭക്ഷണം, മരുന്ന് എന്നിവ ഉണ്ടോ എന്നും അന്വേഷിക്കുകയും ഈ വിവരം തദ്ദേശ സ്വയംഭരണ വകുപ്പിനും ആരോഗ്യ കേന്ദ്രത്തിനും കൈമാറുന്നുണ്ട്. മാർച്ച് 22 ലെ അയൽക്കൂട്ട യോഗത്തിൽ പനി, ചുമ, ജലദോഷം, തൊണ്ട വേദന എന്നീ അസുഖമുള്ളവർ പങ്കെടുക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിന് മുൻപ് കൈകൾ ശുചിയാക്കണം. വൈറസ് പ്രതിരോധനത്തെ സംബന്ധിച്ച കുറിപ്പ് വായിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ, സ്വയം സുരക്ഷ ഉറപ്പാക്കി നൽകാനും കുടുംബശ്രീ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.