കുറുപ്പംപടി: രാഷ്ട്രീയ പിടിവലികൾക്കൊടുവിൽ മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരജയപ്പെട്ടു. 13 അംഗ സമിതിയിൽ 5 യു.ഡി.എഫ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും ചേർന്ന് കൊണ്ടുവന്ന അവിശ്വാസമാണ് പരാജയപ്പെട്ടത്. വൈസ് പ്രസിഡൻ്റ് എ. ടി. അജിത്കുമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചിനാണ് അവിശാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയചർച്ചയിൽ 7 അംഗങ്ങളാണ് പങ്കെടുത്തത്. യു. ഡി. എഫ് അംഗങ്ങളായ വൈസ് പ്രസിഡൻ്റ് എ. ടി. അജിത് കുമാർ, മുൻ പ്രസിഡൻ്റ് ഷൈമി വർഗീസ്, ലിസി മത്തായി, രാജു പി. കെ, ഷോജ റോയി, സ്വതന്ത്ര അംഗം മിനി ഷാജി എന്നിവർക്കൊപ്പം 11-ാം വർഡ് അംഗം ബി. ജെ. പി യിലെ എസ്. നാരായണൻ എന്നിവർ അവിശ്വാസ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്കിടെ എസ്. നാരായണൻ വിയോജിപ്പ് അറിയിച്ച് ഇറങ്ങിപ്പോയതോടെ അവിശ്വാസം പരജയപ്പെട്ടതായി വരണാധികാരിയായ കൂവപ്പടി ബി. ഡി. ഒ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ പ്രസിഡൻ്റ് ഉൾപ്പടെ 6 അംഗങ്ങൾ വിട്ടുനിന്നു. 13 അംഗ ഭരണ സമിതിയിൽ യു.ഡി എഫിനായിരുന്നു മുൻ തൂക്കം.സ്വതന്ത്ര അംഗം മിനി ഷാജിയുടെ പിൻതുണയോടെ ആയിരുന്നു ഇത്. കഴിഞ്ഞ ജൂലായിൽ 16 ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വന്ന ഒഴിവിൽ യു.ഡി. എഫ് മിനി ഷാജിയുടെ പേർ നിർദ്ദേശിച്ചെങ്കിലും എൽ. ഡി. എഫ് അംഗങ്ങൾ യു.ഡി.എഫിലെ ജിഷാ സോജൻ്റെ പേര് നിർദ്ദേശിച്ചതോടെ ഇവർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതേതുടർന്ന് നടന്ന രാഷ്ട്രീയ ആരോപണ -പ്രത്യാരോപണങ്ങൾക്കൊടുവിൽ വൈസ് പ്രസിഡൻ്റ് എ. ടി. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ആവിശ്വാസമണ് ഇപ്പോൾ പരാജയപ്പെട്ടത്.