nh-road
ദേശീയപാത 66

പറവൂർ : മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഇരുപത്തിമൂന്ന് കിലോമീറ്റർ ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രി എ വിജ്ഞാപനം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. രണ്ടാഴ്ചമുമ്പ് ഇത് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റെടുക്കുന്ന സ്ഥലം, സർവേ നമ്പർ, വില്ലേജ്, വിസ്തീർണം എന്നിവയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്ഥലമുടമകൾക്ക് പരാതിയുണ്ടെങ്കിൽ 23 ദിവസത്തിനകം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ നൽകണം.

പരാതിക്കാർക്ക് നോട്ടീസ് നൽകി ഹിയറിംഗിനും ശേഷമാണ് ഏറ്റെടുക്കൽ നടപടി തുടങ്ങുക. ആദ്യം റോഡിൽ സെന്റർ ലൈൻ മാർക്കിംഗ് നടത്തും. ഇതിനുശേഷം 50 മീറ്റർ ഇടവിട്ട് അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. 2018 നവംബറിൽ ത്രി എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു വർഷത്തിനകം അടുത്തഘട്ടമായ ത്രിഡി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിബന്ധന പാലിക്കാൻ കഴിയാതിരുന്നതിനാൽ കഴിഞ്ഞ നവംബറിൽ റദ്ദായി. അതിനാലാണ് വീണ്ടും ത്രി എ വിജ്ഞാപനം പുറത്തിറക്കിയത്.

അലൈൻമെന്റിൽ മാറ്റം

ആദ്യത്തെ അലൈൻമെന്റിൽ നിന്ന് മാറ്റങ്ങളുമായാണ് പുതിയ അലൈൻമെന്റ്. ചേരാനല്ലൂർ കവല അടക്കം വിവിധ കവലകളുടെ വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവു കുറച്ചിട്ടുണ്ട്. ബംഗളൂരു കേന്ദ്രമായ ഫീഡ്ബാക്ക് ഇൻഫ്ര എന്ന സ്വകാര്യ ഏജൻസിയാണ് റോഡിന്റെ അലൈൻമെന്റും സ്കെച്ചും തയാറാക്കി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന് നൽകിയത്.

കഴിഞ്ഞ തവണ 652 പരാതി

ദേശീയപാത വികസനത്തിന് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 45 മീറ്ററിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന 652 പേർ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. കോട്ടുവള്ളി വില്ലേജിൽ നിന്നാണ് കൂടുതൽ പരാതികൾ. 204 എണ്ണം. വടക്കേക്കര – 37, മൂത്തകുന്നം – 75, പറവൂർ – 55, വരാപ്പുഴ –74, ഇടപ്പള്ളി – 102, ചേരാനല്ലൂർ – 81, ആലങ്ങാട് – 24 പരാതി ഉണ്ടായി. ഹിയറിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് കോടതി സ്റ്റേ നൽകി. പിന്നീട് സ്റ്റേ പിൻവലിച്ചെങ്കിലും ഒരു വർഷത്തിനുള്ള നടത്തേണ്ട ത്രീഡി വിജ്ഞാപനം ഇറക്കാനായില്ല.