കൊച്ചി: കൊറോണ വൈറസിനെ തടയുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്താൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ നെഹ്‌റു യുവകേന്ദ്ര പ്രവർത്തകർ രംഗത്തിറങ്ങി. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായും സഹകരിച്ചാണ് ബോധവത്കരണം നടത്തുന്നത്. പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് ഓരോ ജില്ലയിലെയും നെഹ്‌റു യുവ കേന്ദ്രങ്ങൾക്ക് സൊസൈറ്റി 10,000 വീതം ലഘുലേഖകൾ നൽകും. ബോധവത്കരണത്തിന് നിയോഗിക്കപ്പെടുന്ന നെഹ്‌റു യുവ കേന്ദ്ര സംഘതൻ ദേശീയ ദുരന്തനിവാരണ സേന വോളഡിയർമാരുടെ ആദ്യ ബാച്ചിൻ്റെ പരിശീലനം എറണാകുളം കളക്ടറേറ്റിലെ എമർജൻസി കൺട്രോൾ റൂമിൽ നടന്നു. അസിസ്റ്റൻ്റ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ചീഫ് മെഡിക്കൽ അഡ്വൈസറും ലോകാരോഗ്യ സംഘടന കൺസൽട്ടൻ്റുമായ ഡോ. രാഗേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
നെഹ്‌റു യുവ കേന്ദ്രയുടെ 394 വോളഡിയർമാർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുയിടങ്ങളിൽ ലഘുലേഖ വിതരണം ചെയ്യും. യുവജന ക്ലബുകളുടെ സഹകരണത്തോടെ വീടുകൾ തോറും ബോധവ്തകരണവും സംഘടിപ്പിക്കും. യുവജന ക്ലബുകളുടെയും വോളഡിയർമാരുടെയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ബോധവത്കരണ സന്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പ്രചരിപ്പിക്കും. പൊലീസ് സേനയുടെയും ആരോഗ്യ വകുപ്പിൻ്റെയും ഹെൽത്ത് ഡെസ്‌ക്കുകളിലും വോളഡിയർമാർ സഹായങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.