കൊച്ചി: തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പായി ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

തീരദേശത്തെ പത്ത് ജില്ലകളിൽ 26330 കെട്ടിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ എറണാകുളത്ത് 4239 വീടുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയുമാണ്. അന്തിമപട്ടിക തയ്യാറാക്കിയിട്ടും, പട്ടികയിൽ ഉൾപ്പെട്ട വിവരം അറിയാത്തവരാണ് ഭൂരിഭാഗം തദ്ദേശവാസികളും. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അധിക സമയപരിധി മാർച്ച് 23 ആണെന്നിരിക്കേ ഇത് വളരെയധികം ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. ഇത് സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന വീടുകളുടെ ഉടമകളായ ബി.പി.എൽ, എസ്‌.സി.എസ്.ടി / ഒ.ബി.സി, മത്സ്യത്തൊഴിലാളികൾ, വിധവകൾ, മുൻ സൈനികർ എന്നിവരുടെ സാമൂഹ്യ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് വീടുകളെ ഒഴിവാക്കണമെന്നും എം.പി അഭ്യർത്ഥിച്ചു.