വൈപ്പിൻ: ബ്രേക്ക് ദി ചെയിൻ കാമ്പയിൻ വിജയിപ്പിക്കാൻ വൈപ്പിൻകരയിലെ വിവിധ സംഘടനകളും സാമൂഹ്യപ്രവർത്തകരും ഒന്നാകെ രംഗത്തിറങ്ങി. ചികിത്സയും മരുന്നും സൗജന്യമായി നൽകാൻ തയ്യാറാണെന്ന് എടവനക്കാട് ലൈഫ് കെയറിലെ ഡോ. ഷുക്കൂർ ബാബു അറിയിച്ചു. കൃസ്ത്യൻ പള്ളികളിലെ നൊവേനകളും ദിവ്യബലികളും ഒഴിവാക്കി. മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകളിൽ വിശ്വാസികളുടെ സാന്നിദ്ധ്യം ഒഴിവാക്കി.
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ എടവനക്കാട് പഞ്ചായത്തിലും എച്ച്.ഐ.എച്ച് ഹയർസെക്കൻഡറി സ്‌കൂളിലും കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ടി. സബിത, കോ-ഓർഡിനേറ്റർ എ.എ. സാദിഖ്, പഞ്ചായത്ത് സെക്രട്ടറി സി.ജെ. റീജ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് (എസ്) എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മാലിപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ഗോശ്രീ കവലയിൽ യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി, പുതുവൈപ്പിൽ ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, വളപ്പ് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളി നെൽസൺ, ഓച്ചന്തുരുത്ത് നിത്യസഹായപള്ളിക്ക് മുൻവശം കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ലൈജു കളരിക്കൽ, പെരുമാൾപ്പടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഗലീലിയോ, എളങ്കുന്നപ്പുഴയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, ഞാറക്കലിൽ എസ്. ഐ. സംഗീത് ജോബ് എന്നിവർ കൈകഴുകൽ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. ആന്റണി സജി, എൻ.എസ്. ശ്യാംലാൽ, ആന്റണി കൈതക്കൽ, പി.ബി. സുരേഷ്, എം.എ. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.
മുനമ്പം കച്ചേരിപ്പടിയിലെ ഡ്രൈവർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച കിയോസ്‌ക് മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പി. കീർത്തി ഉദ്ഘാടനം ചെയ്തു. 'കൈവിടാതിരിക്കാം, കൈകഴുകാം' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന കാമ്പയിനിൽ വലിയ സ്വീകാര്യതയും പങ്കാളിത്തവുമുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സോജി.എം.എ., പി.ജി. ആന്റണി, മിനി ഫ്രാൻസിസ്, ശാലിനി ജോൺ, ആനി.പി.ഡി., മുനമ്പം സ്റ്റേഷൻ എ.എസ്.ഐമാരായ ഷാൻ, സിജു, ഡ്രൈവർമാരായ ദിൽരാജ്, വിനു.എം.ജെ., ജിബിൻ, സ്റ്റീഫൻ, സജീവ്.കെ.കെ., ശരത്, സജിൽ, സാബു, സലാം എന്നിവർ പങ്കെടുത്തു.