കൊച്ചി: കോർപ്പറേഷനിൽ നിന്ന് ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും. ഇ ഗവേണൻസിന്റെ മുൻ നടത്തിപ്പുകാരായ ടി.സി.എസിന് കരാർ നീട്ടി നൽകാനുള്ള അജണ്ട പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചതോടെ ഈ പ്രശ്നത്തിന് ഉടനൊന്നും തീരുമാനമാവില്ലെന്ന് ഉറപ്പായി.
ടി സി.എസിന്റെ സഹായമില്ലാതെ നിലവിലുള്ള സർവർ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് പദ്ധതി താറുമാറാക്കിയ ടി.സി.എസിനെ തന്നെ വീണ്ടും ആശ്രയിക്കാൻ കോർപ്പറേഷൻ നിർബന്ധിതരായത്. എന്നാൽ പല തവണ കാലാവധി നീട്ടി നൽകിയിട്ടും ടി.സി.എസ് സർവറിലെ ഡാറ്റാ കൈമാറുകയോ ഓൺലൈൻ സേവനങ്ങൾ ശരിയാക്കി നൽകുകയോ ചെയ്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ നീക്കത്തെ എതിർത്തതോടെ അജണ്ട മാറ്റിവയ്ക്കേണ്ടി വന്നു .
# സർക്കാർ ഇടപെട്ടിട്ടും ഫലമില്ല
ഡാറ്റാ നിറഞ്ഞ സർവർ അപ്‌ഗ്രേഡ് ചെയ്യുകയും ഡാറ്റാ ഐ.കെ.എമ്മിന് കൈമാറുകയും ചെയ്യണമെങ്കിൽ ടി.സി.എസിലെ ജീവനക്കാരുടെ സേവനം ആവശ്യമാണെന്ന് മേയർ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ രണ്ടു ജീവനക്കാരുടെ സേവനം ലഭ്യമാക്കാമെന്ന് ടി.സി.എസ് അധികൃതർ സമ്മതിച്ചതുമാണ്. ജീവനക്കാരുടെ ശമ്പളം കോർപ്പറേഷൻ നൽകണമെന്ന് ഐ.കെ.എം, ഐ.ടി മിഷൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ടി.സി.എസ് ആവശ്യം ഉന്നയിച്ചിരുന്നു. 50000 രൂപ വീതം നൽകാമെന്ന് മന്ത്രിയും തത്വത്തിൽ സമ്മതിച്ചിരുന്നതായും മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. എന്നാൽ ഈ കാര്യം മിനിട്‌സിൽ രേഖപ്പെടുത്താത്തതിനാൽ നടപ്പിലായില്ല. ഇത് സൂചിപ്പിച്ച് സർക്കാരിലേക്ക് കത്ത് എഴുതാനാണ് കൗൺസിലിൽ അജണ്ട കൊണ്ടു വന്നതെന്ന് മേയർ വിശദീകരിച്ചു. ടി.സി.എസിലെ ജീവനക്കാരുടെ സേവനം ലഭ്യമാകാതെ ഡാറ്റാ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മേയർ പറഞ്ഞു.
# വിശ്വാസമില്ലെന്ന് പ്രതിപക്ഷം
ഇ ഗവേണൻസ് നടപ്പിലാക്കുന്നതിനായി എട്ടു കോടി രൂപ ടി.സി.എസ് കൈപ്പറ്റിയിട്ടും ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ കോർപ്പറേഷനിൽ ഇപ്പോഴും ഓൺലൈനിലല്ല നൽകുന്നതെന്ന് പ്രതിപക്ഷ കൗൺസിലർ വി.പി ചന്ദ്രൻ ചൂണ്ടിക്കാട്ടി.
മുൻപും പ്രതിപക്ഷം കൗൺസിലിൽ നിരവധി തവണ ഈ വിഷയം ഉന്നയിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ടി.സി.എസിന് കാലാവധി നീട്ടി നൽകി. കമ്പനി നിലവിൽ സേവനം ഉപേക്ഷിച്ച് പോയെന്നും വി.പി ചന്ദ്രൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെ തുടർന്ന് അജണ്ട മാറ്റി വെച്ചതായി മേയർ അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ. ജെ .ആന്റണി, വി.കെ.മിനിമോൾ, സി.കെ പീറ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.