ആലുവ: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീമൻ നാരായണന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ജില്ലയിൽ ആരംഭിച്ച 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി ഇക്കുറി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന തലത്തിലാക്കും. വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ കേരള ഭാരത് സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങളായ ലക്ഷം വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന എല്ലാ ജില്ലയിലെയും ഓരോ യൂണിറ്റിന് ട്രോഫിയും മെമന്റോയും സംസ്ഥാനാടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ട്രോഫിയും മെമന്റോയും കാഷ് അവാർഡും സമ്മാനിക്കും.
ജീവകാരുണ്യത്തിൻെറ പരകോടി എന്നു തായ്‌വാനിലെ ദി സുപ്രീംമാസ്റ്റർ ചിങ്ഹായ് ഇന്റർനാഷണൽ അസോസിയേഷൻ വിശേഷിപ്പിച്ച ശ്രീമൻ നാരായണന്റെ എന്റെഗ്രാമം ഗാന്ധിജിയിലൂടെ മിഷന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി. ഇതിന് ആവശ്യമായ മൺപാത്രങ്ങൾ മിഷൻ ഇതിനകം സജ്ജമാക്കി. വരും തലമുറ പദ്ധതിയുടെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുകയാണെന്ന് ശ്രീമൻ നാരായണൻ പറയുന്നു.
# മറ്റ് ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മനുഷ്യർ
സൃഷ്ടികളിൽ ഏറ്റവും മുൻപന്തിയിലാണ് മനുഷ്യന്റെ സ്ഥാനമെന്നതിനാൽ തനിക്കു താഴെയുള്ള ജീവികളുടെയെല്ലാം സുരക്ഷ ഉറപ്പാക്കേണ്ടത് മനുഷൃന്റെ കടമയാണ്. അതിജീവനത്തിന് അവയെ സഹായിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്വമാണ്.
ജീവജാലങ്ങളെ സംരക്ഷിച്ചു നിർത്തേണ്ടത് മനുഷ്യൻെറ നിലനിൽപ്പിന് ആവശ്യമാണ്. ഈ സത്യം ഏറ്റവും കൂടുതൽ അറിയേണ്ടതും ഉൾക്കൊണ്ടു പ്രവർത്തിക്കേണ്ടതും വിദ്യാർത്ഥികളാണ്. കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. പക്ഷിവർഗത്തിൻെറ ജീവിതസാഹചര്യങ്ങൾ ഇല്ലാതാകുകയാണ്. മരങ്ങൾ വെട്ടിക്കളഞ്ഞതും കോൺക്രീറ്റ് നിർമ്മിതികൾ വർദ്ധിച്ചതും പ്രധാനകാരണങ്ങളാണ്. വിവിധതരം പക്ഷികൾ അപ്രത്യക്ഷമായി. നൂറുകണക്കിന് പറവകളാണ് കുടിവെള്ളമില്ലാതെ തളർന്നുവീണു മരിക്കുന്നത്. വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ മരണത്തോട് മല്ലിടുന്ന പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ആദ്യമായി നടപ്പാക്കിയത് ആലുവ മുപ്പത്തടം സ്വദേശിയായ ശ്രീമൻ നാരായണനാണ്.
# നിരവധി പദ്ധതികൾ
അത് ദേശീയ അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതിന് പിന്നാലെയാണ് 'ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ്' ശ്രീമൻ നാരായണനെ തേടിയെത്തിയത്. പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചുവക്കുന്നതിനായി ആയിരക്കണക്കിന് മൺപാത്രങ്ങളാണ് കഴിഞ്ഞവർഷം സൗജന്യമായി വിതരണം ചെയ്തത്. അക്ഷരയജ്ഞം, പരിസ്ഥിതി സൗഹൃദയജ്ഞം, വൃക്ഷയജ്ഞം, മഹാാവൃക്ഷയജ്ഞം, ജീവജലത്തിന് ഒരു മൺപാത്രം, യോഗ ആരോഗ്യത്തിന്, മഹാത്മാവിന്റെ മഹാദർശനം, നടാം, നനയ്ക്കാം നടക്കൽ വക്കാം തുടങ്ങിയ ഒട്ടനവധി പദ്ധതികൾ എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻെറ കീഴിൽ ശ്രീമൻ നാരായണൻ നടപ്പാക്കിയിട്ടുണ്ട്.