കൊച്ചി : എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെയും വാർഷിക പൊതുയോഗ പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
യോഗം ഭാരവാഹികളെ തിരഞ്ഞെടുക്കാൻ കമ്പനി നിയമത്തിൽ ഇളവ് നൽകി കേന്ദ്രസർക്കാർ 1974 ൽ ഇറക്കിയ ഉത്തരവും, തിരഞ്ഞെടുപ്പു നടത്താനുള്ള യോഗം സെക്രട്ടറിയുടെ സർക്കുലറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കിഴക്കേ കല്ലട സ്വദേശി വി. വിജയകുമാർ, പട്ടത്താനം സ്വദേശി പത്രാ രാഘവൻ എന്നിവർ നൽകിയ ഹർജിയിലെ ആവശ്യമാണ് സിംഗിൾബെഞ്ച് തള്ളിയത്.കേന്ദ്ര സർക്കാരിന്റെ ഉത്തരവും , യോഗത്തിന്റെ നിബന്ധനകളും അനുസരിച്ചാണ് സർക്കുലറെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാർ യോഗത്തിൽ അംഗങ്ങളായത് അടുത്തിടെയല്ല. ഇത്രയും കാലത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പു സ്റ്റേ ആവശ്യം നീതീകരിക്കാനാവില്ല. ഹർജിയിൽ എതിർ കക്ഷികളായ യോഗത്തിനും ജനറൽ സെക്രട്ടറിയടക്കമുള്ളവർക്കും നോട്ടീസ് നൽകാനും കോടതി നിർദ്ദേശിച്ചു.
യോഗത്തിന്റെ വാർഷിക പൊതുയോഗത്തിലേക്ക് ശാഖകളിൽ നിന്ന് 200 പേർക്ക് ഒരാളെന്ന നിലയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും, ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നുമുള്ള നിലവിലെ വ്യവസ്ഥയെയും ഹർജിക്കാർ ചോദ്യം ചെയ്തു. കമ്പനി നിയമപ്രകാരം വാർഷിക പൊതുയോഗത്തിന് എല്ലാ അംഗങ്ങൾക്കും നോട്ടീസ് നൽകണമെന്ന വ്യവസ്ഥ 1974 ൽ കേന്ദ്ര സർക്കാർ ഇളവു ചെയ്തതോടെയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു രീതി നിലവിൽ വന്നത്. 1961 മുതൽ കേരള നോൺ ട്രേഡിംഗ് കമ്പനി ആക്ട് നിലവിലുള്ളതിനാൽ , ഇളവു നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, 2005 ൽ മാത്രമാണ് കേരള നോൺ ട്രേഡിംഗ് കമ്പനിയുടെ പരിധിയിൽ എസ്.എൻ.ഡി.പി യോഗം വരുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടതെന്നും ,അതുവരെ 1956 ലെ കമ്പനി നിയമമാണ് ബാധകമെന്നും യോഗത്തിനു വേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻ ബാബു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഉത്തരവും ഇതനുസരിച്ചുള്ള തിരഞ്ഞെടുപ്പുകളും നിയമ സാധുതയുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.