ആലുവ: ജില്ലാ ആശുപത്രി കവല വികസനത്തിന്റെ ഭാഗമായി ഒഴിപ്പിച്ച ഉന്തുവണ്ടികളും ലോട്ടറി കച്ചവടവുമെല്ലാം വീണ്ടുമെത്തി. കഴിഞ്ഞയാഴ്ചയാണ് ജില്ലാ ആശുപത്രിയുടെ പ്രവേശനകവാടത്തിലും ഫുട്പാത്തിലുമായി കച്ചവടം നടത്തുന്ന മുഴുവൻ ആളുകളെയും പൊതുമരാമത്ത് വകുപ്പ് നീക്കിയത്.
കാന നവീകരണത്തിന്റെയും ഐലന്റ് നവീകരണത്തിന്റെയും ഭാഗമായിട്ടായിരുന്നു ഒഴിപ്പിക്കൽ. എട്ട് പെട്ടിക്കടകൾ, രണ്ട് യൂണിയൻ ഷെഡുകൾ, രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും കൊടിമരങ്ങൾ എന്നിവയെല്ലാം നീക്കിയിരുന്നു. ഐലന്റിൽ സ്ഥാപിച്ചിരുന്ന യൂണിയൻ ഷെഡ് നീക്കാത്തതിനെതിരെ 'കേരളകൗമുദി' വാർത്ത നൽകിയതിനെത്തുടർന്നാണ് ഒഴിപ്പിച്ചത്. ഈ ഭാഗത്ത് കോൺക്രീറ്റിംഗ് നടപടികളെല്ലാം കഴിഞ്ഞദിവസമാണ് പൂർത്തിയായത്. അതിന് മുമ്പേ പൂർത്തിയായ ഭാഗത്താണ് ഇപ്പോൾ ഉന്തുവണ്ടികളെല്ലാം തിരിച്ചെത്തിയത്. ലോട്ടറിക്കച്ചവടത്തിന് താത്കാലിക സംവിധാമാണ്. ഇന്നലെ മുതൽ കച്ചവടം നടക്കുന്നുണ്ട്. ഉന്തുവണ്ടി ഇന്നലെ സ്ഥലത്ത് എത്തിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രതിഷേധം ഉണ്ടാകുമോയെന്ന് നോക്കിയിട്ട് തുറക്കാമെന്ന ചിന്തയിലാണ് കച്ചവടക്കാരനെന്നാണ് സൂചന.
കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി അപകട ഭീതിയോടെ പോകേണ്ട അവസ്ഥയാണ്. അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയം പൊതുമരാമത്ത് വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.