കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ കാർ പാർക്ക് ചെയ്തതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. മുളവുകാട് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.കെ.ഷിബു, സി.പി.ഒമാരായ ദിലീപ്, സതീഷ് മോഹൻ എന്നിവർക്കെതിരെയാണ് നടപടി. പറവൂർ സി.പി.തുരുത്ത് തുരുത്തിക്കാട്ട് ടി.എസ്. സുബിൻ നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് അഡിഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പിന്റെ ഉത്തരവ്. ഉദയംപേരൂർ സി.ഐ സംഭവം വിശദമായി അന്വേഷിക്കും.
ജനുവരി ഏഴിന് രാത്രി 8.30ന് കണ്ടെയ്‌നർ റോഡിൽ കാർ അനധികൃതമായി പാർക്ക് ചെയ്തതിന് പിഴയായി 10,000 രൂപയാണ് ഷിബു ആവശ്യപ്പെട്ടത്. വനിത സുഹൃത്തുമൊത്ത് ചേരാനെല്ലൂർക്ക് പോകുന്നതിനിടെ മുളവുകാട് പൊന്നാരിമംഗലം ടോൾ പ്ലാസ കഴിഞ്ഞ് റോഡരുകിൽ കാർ നിറുത്തി. ഈ സമയത്താണ് ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസെത്തിയത്. മേൽവിലാസവും ഫോൺ നമ്പറും വാങ്ങി. മുഴുവൻ തുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ സുബിന്റെ പക്കൽ നിന്ന് 3,000 രൂപ നിർബന്ധിച്ച് വാങ്ങി പറഞ്ഞു വിട്ടു. രാത്രി ഫോണിൽ വിളിച്ച് ബാക്കി 7,000 രൂപയുമായി സ്‌റ്റേഷനിലെത്തണമെന്ന് ഷിബു ആവശ്യപ്പെട്ടു.
സംഭവ ദിവസം രാത്രി ഷിബുവിന് സ്‌റ്റേഷൻ ജി.ഡി ചാർജായിരുന്നു. കണ്ടെയ്‌നർ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നുവെന്ന അറിയിപ്പ് വന്നുവെന്ന് പറഞ്ഞ് ഇയാൾ സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി. ഇങ്ങനെയൊരു സന്ദേശമില്ലായിരുന്നുവെന്ന് എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സുബിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണ്. വാഹനം പരിശോധിച്ചത് അനധികൃതമായിട്ടാണ്. പൊലീസുകാരുടെ നടപടി സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും ലാൽജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു ഷിബു.