ആലുവ: ഭൂഗർഭ വൈദ്യുതി പദ്ധതി താത്കാലികമായി നിർത്തിവച്ചതോടെ ഉപേക്ഷിച്ചുപോയ കേബിൾ റീലുകൾ കാൽനട യാത്രക്കാർക്ക് ദുരിതമായി. ശിവരാത്രി പ്രമാണിച്ച് നിർത്തിവച്ച പദ്ധതി പുനഃരാരംഭിക്കാൻ വൈകുന്നതാണ് വിനയായിരിക്കുന്നത്.
ഏറെ തിരക്കേറിയ സീനത്ത് തിയേറ്റർ കവലയിൽ വലിയ കേബിൾറീൽകിടക്കുന്നതിനാൽ കാൽനടക്കാർ ഏറെ വിഷമിച്ചാണ് നടന്നുപോകുന്നത്. കൊറോണ ഭീതിയിൽ നഗരത്തിൽ വാഹനങ്ങളും കാൽനട യാത്രക്കാരും കുറവായത് ഭാഗ്യമായി. അല്ലെങ്കിൽ ഗതാഗതക്കുരുക്കിനും വഴിവെയ്ക്കുമായിരുന്നു.
ഇവിടെ ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാൻ രണ്ടുമാസം കഴിഞ്ഞിട്ടും വൈദ്യുതി ബോർഡോ വാട്ടർ അതോറിറ്റിയോ തയ്യാറായിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. പാലസ് റോഡിലും വൈദ്യുതി കേബിൾ റീലുകൾ അവിടവിടയായി കിടക്കുകയാണ്. ശിവരാത്രി സമയത്ത് സന്ദർശകർക്ക് ഏറെ ബുദ്ധിമുട്ടാണ്ടാക്കിയാണ് ഇവ ഇവിടെക്കിടന്നത്.
ജില്ലാ സർക്കാർ ആശുപത്രിക്കവലയിൽ ബസ് സ്റ്റോപ്പിനകത്താണ് കേബിളുകൾ എടുത്തിട്ടിരിക്കുന്നത്. പവർ ഹൗസ് റോഡിലെ ഫ്രണ്ട് ഷിപ്പ് ജംഗ്ഷനിൽ കേബിളിനായി കുത്തിപ്പൊളിച്ച റോഡ് താറുമാറായി കിടക്കുകയുമാണ്.
കാരോത്തുകുഴി ആശുപത്രിക്ക് സമീപവും സ്ഥിതി ഇതുതന്നെ. ശിവരാത്രി ആഘോഷങ്ങൾക്ക് തടസം വരാതിരിക്കാനായി നിർത്തിവച്ച ഭൂഗർഭ വൈദ്യുതി പദ്ധതി ഉടൻ പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.