പദ്ധതി സ്വരക്ഷ
വിളിക്കേണ്ട നമ്പർ: 8590202050
നിരീക്ഷണത്തിലാക്കാൻ 600 മുറികൾ
500 മുറികളും കൂടി ഉടൻ കണ്ടെത്തും
ഡോക്‌ടറുമായി വീഡിയോ കോൺഫറൻസിംഗ്
സംഘത്തിൽ 25 ഡോക്‌ടർമാർ
നഗരത്തിലെ ഹോംസ്‌റ്റേകളിൽ 2000 വിദേശികൾ
കൊച്ചി: കൊറോണ വൈറസ് ബാധ സംശയിക്കുന്നവർക്കും വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും വൈദ്യസഹായം വീട്ടുപടിക്കലെത്തിച്ച് സിറ്റി പൊലീസ്. 'സുരക്ഷയൊരുക്കും.
'സ്വയം സുരക്ഷിതരാകൂ' എന്ന മുദ്രാവാക്യവുമായി 'സ്വരക്ഷ' ടെലി മെഡിസിൻ പദ്ധതിക്ക് തുടക്കമായി. സംശയ നിവാരണത്തിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജനത്തിന് മൊബൈൽ നമ്പറിൽ വിളിക്കാം. പൊലീസ് കൺട്രോൾ റൂമിൽ 24 മണിക്കൂറും ടെലി മെഡിസിൻ സേവനം ലഭ്യമാണെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഫോൺ: 8590202050
രോഗത്തെയും രോഗ നിവാരണത്തേയും കുറിച്ച് ശബ്ദ, ദൃശ്യ സന്ദേശങ്ങൾ വഴി ചോദിച്ചറിയാം. പാനലിലുള്ള ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംശയങ്ങൾ പങ്ക് വയ്ക്കാം. ചികിത്സ ആവശ്യമെങ്കിൽ ഡോക്ടർമാർ നിർദേശം നൽകും.
യാത്രക്കാരെ 70 കേന്ദ്രങ്ങളിൽ പരിശോധിക്കുന്നത് തുടരുകയാണ്. വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് സഹായവുമെത്തിക്കുന്നുണ്ട്. വിവിധ ആശുപത്രികളിലെ 25 ഡോക്ടർമാരാണ് സേവനത്തിനുള്ളത്.
നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കുന്നതിനായി നഗരത്തിൽ 600 മുറികൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. 500 മുറികൾ കൂടി ഉടൻ സജ്ജമാകും.
നഗരത്തിലെ വിവിധ ഹോംസ്‌റ്റേകളിലായി 2000 വിദേശ സഞ്ചാരികൾ കഴിയുന്നുണ്ട്. ഇവർക്ക് താമസം, ഭക്ഷണം, യാത്രാരേഖകൾ എന്നിവയൊരുക്കുന്നുണ്ട്. ഷോപ്പിംഗ് മാളുകൾ, മദ്യശാലകൾ എന്നിവിടങ്ങളിൽ ആളുകളെത്തുന്നത് സമൂഹത്തെ ബാധിക്കാത്ത വിധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.എ, റോട്ടറി ഇന്റർനാഷണൽ റിലയൻസ് ജിയോ എന്നിവയുടെ സഹകരണത്തോടെയാണ് ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുന്നത്.
ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലി സ്വാഗതം പറഞ്ഞു. അഡിഷണൽ കമ്മിഷണർ കെ.പി. ഫിലിപ്, അസി.കമ്മിഷണർമാരായ കെ.ലാൽജി, ടി.ആർ.രാജേഷ്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, റോട്ടറി ഗവർണർ മാധവ് ചന്ദ്രൻ, ഡോ. ജുനൈദ് റഹ്മാൻ, ശശി പാലായിൽ എന്നിവർ പങ്കെടുത്തു.