കൊച്ചി : സി.ബി.എസ്.ഇയുടെ അനുമതിയില്ലാത്തതിനാൽ പള്ളുരുത്തി അരൂജാസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് മൂന്നു പരീക്ഷയെഴുതാൻ കഴിയാതെ പോയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഏപ്രിൽ ഒന്നിനു പരിഗണിക്കാൻ മാറ്റി. അരൂജാസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് മൂന്നു പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കുട്ടികൾ നൽകിയ ഹർജിയിൽ ബാക്കി പരീക്ഷകൾ ഇവരെ എഴുതാൻ ഹൈക്കോടതി അനുവദിച്ചിരുന്നു. നോർത്ത് ഇൗസ്റ്റ് ഡൽഹിയിൽ കലാപത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതെപോയ കുട്ടികൾക്കായി സി.ബി.എസ്.ഇ പരീക്ഷ നടത്തുന്നുണ്ട്. അരൂജാസ് സ്കൂളിലെ കുട്ടികൾക്ക് എഴുതാനാകാതെ പോയ മൂന്നു പരീക്ഷകൾ ഇതിനൊപ്പം നടത്തണമെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കൊറോണ ഭീഷണിയെത്തുടർന്ന് പരീക്ഷകളെല്ലാം മാറ്റിയെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഹർജി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയത്.