# 1,158 പേർ ജില്ലയിൽ നിരീക്ഷണത്തിൽ

# 21 വിദേശികളുടെ ഫലം നിർണായകം

# 23 പേർ ഐസലേഷൻ വാർഡുകളിൽ

കൊച്ചി: ഏതാനും ദിവസങ്ങൾക്കിടെ പുതിയതായി ആരിലും രോഗം കണ്ടെത്താത്തത് എറണാകുളം ജില്ലയിലെ കൊറോണ ആശങ്കയ്ക്ക് അയവ് വരുത്തി. വിദേശ പൗരന്മാരായ 21 പേരുടെ പരിശോധനാഫലമാണ് അധികൃതർ ഉറ്റുനോക്കുന്നത്. ആശങ്ക അയയുമ്പോഴും മുൻകരുതലിലും നിരീക്ഷണത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് അധികൃതർ.

ജില്ലയിൽ വീടുകളിൽ 1,158 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്നലെ 96 പേരെക്കൂടി നിരീക്ഷണത്തിലാക്കി. എറണാകുളം മെഡിക്കൽ കോളേജിൽ ആറു പേരെക്കൂടി ഐസൊലേഷൻ വാർഡിൽ ഇന്നലെ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ് ചെയ്തു. 23 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീഷണത്തിലുള്ളത്. 16 പേർ കളമശേരിയിലും 7 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്.

# 21 സാമ്പിളുകൾ കൂടി അയച്ചു

ഇന്നലെ 21 സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വിയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ നിന്നയച്ച സാമ്പിളുകളുടെ എണ്ണം 483 ആയി. ഇതിൽ 432 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. 21 വിദേശികളുടെ ഫലം ലഭിക്കാനുണ്ട്. ഇവരുടെ ഫലം പോസിറ്റീവായാൽ സ്വദേശങ്ങളിലേയ്ക്ക് തിരിച്ചയയ്ക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

കൊറോണ കൺട്രോൾ റൂമിൽ 495 ഫോൺ വിളികൾ ഇന്നലെ ലഭിച്ചു. . കൊറോണയുടെ ലക്ഷണങ്ങൾ, നിരീക്ഷണ കാലാവധി തുടങ്ങിയവ അറിയാനായിരുന്നു കൂടുതൽ വിളികളും. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നെന്ന വിളികളിൽ തുടർനടപടികൾക്ക് പൊലീസിന് കൈമാറി.

# 2,579 യാത്രക്കാരെ പരിശോധിച്ചു

കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയ 22 വിമാനങ്ങളിലെ 2,579 യാത്രക്കാരെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ കണ്ട മൂന്നു പേരെ കളമശേരിയിൽ തുടർപരിശോധനയ്ക്കായി അയച്ചു. രോഗലക്ഷണങ്ങളില്ലാത്ത ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയ 14 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. പ്രത്യേക ആംബുലൻസുകളിലാണ് ഇവരെ വീടുകളിൽ എത്തിക്കുന്നത്.

# മെഡിക്കൽ കോളേജിൽ നിയന്ത്രണം

ഐസലേഷൻ വാർഡ് പ്രവർത്തിക്കുന്ന കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ഒ.പി വിഭാഗം രാവിലെ എട്ടു മുതൽ പത്തു വരെ മാത്രമാണ് പ്രവർത്തിക്കുക. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മെഡിക്കൽ കോളേജിലേയ്ക്ക് വരാവൂവെന്നാണ് നിർദ്ദേശം.

# സ്വകാര്യ ആശുപത്രികളുമായി ഇന്ന് ചർച്ച

കൊറോണ നിയന്ത്രണത്തിന് സ്വകാര്യ ആശുപത്രികളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉടമകളുമായി ഇന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ചർച്ച നടത്തും. കളക്ടറുടെ ചേംബറിൽ ഉച്ചയ്ക്ക് രണ്ടിനാണ് ചർച്ച.