കൊച്ചി: ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കൊറോണ വൈറസിൻ്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ്റെ ലക്ഷ്യമെന്ന് ഡോ.വി.പി.ഗംഗാധരൻ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനായി തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ്റെ ഭാഗമായി പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽ കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൈ കഴുകൽ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാ സംസ്കാരിക വേദി പൂണിത്തുറയുടേയും, റെസിഡൻസ് അസോസിയേഷനുകളുടേയും,റോട്ടറി ക്ലബ്ബ് തൃപ്പൂണിത്തുറയുടേയും സഹകരണത്തോടു കൂടിയാണ് ഇതിൻ്റെ പ്രവർത്തനം. കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി.