high-court

കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ വായ്പാ, നികുതി കുടിശികകൾക്ക്‌ ജപ്തി നടപടികളും മറ്റും ഏപ്രിൽ ആറുവരെ നീട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ആദായ നികുതി വകുപ്പ് അധികൃതർ, കെട്ടിട നികുതി ഇൗടാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ, ആർ.ടി ഒാഫീസുകൾ തുടങ്ങിയവയ്ക്കാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.

വായ്പ, നികുതി കുടിശികകൾ ഇൗടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളും മറ്റു നിർബന്ധിത നടപടികളും ഏപ്രിൽ ആറു വരെ നിറുത്തിവയ്ക്കണം. കുടിശിക ഇളവു ചെയ്യൽ, വായ്പ തിരിച്ചടയ്ക്കൽ എന്നിവയ്ക്ക് ഉത്തരവു തടസമല്ല.

റവന്യൂ റിക്കവറി നടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള 80 ഒാളം ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സമാന സ്വഭാവമുള്ള കേസുകൾക്കെല്ലാം ഉത്തരവു ബാധകമാക്കിയ ഹൈക്കോടതി ഇക്കാര്യത്തിനായി പുതിയ ഹർജികൾ നൽകേണ്ടതില്ലെന്നും വ്യക്തമാക്കി. ഹർജികളെല്ലാം ഏപ്രിൽ ആറിന് വീണ്ടും പരിഗണിക്കും.

മറ്റു നിർദ്ദേശങ്ങൾ :

 ജപ്തി നടപടികളുടെ ഭാഗമായി ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ നിലവിലെ സാഹചര്യത്തിൽ നിശ്ചിത തീയതിക്ക് ഹാജരായില്ലെങ്കിൽ പ്രതികൂല ഉത്തരവു നൽകരുത്.

 വ്യക്തിഗത കേസുകളുമായി ബന്ധപ്പെട്ട് ഇൗ ഉത്തരവിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ വകുപ്പുകൾക്ക് കോടതിയിൽ അപേക്ഷ നൽകാം.

 ഇളവുകളോടെയുള്ള കുടിശിക തീർപ്പാക്കൽ പദ്ധതിയിൽ തിരിച്ചടയ്ക്കാൻ തയ്യാറുള്ളവർക്ക് ഹൈക്കോടതി ഉത്തരവ് തടസമല്ല.

 പിടിച്ചെടുത്ത വാഹനങ്ങൾ ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ വിട്ടു നൽകുന്നതിനും ഉത്തരവ് തടസമല്ല.

 സർഫാസി ആക്ടുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്ന സി.ജെ.എം കോടതികൾ, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ്, ബാങ്കുകൾ, കസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഉത്തരവിന്റെ പകർപ്പ് നൽകണം.