mani
മണി

കോലഞ്ചേരി: കോലഞ്ചേരിയിലെത്തുന്നവർക്ക് എന്നും വഴികാട്ടിയായിരുന്ന കോലഞ്ചേരിക്കാരുടെ 'മണി' നാദമായ മണിച്ചേട്ടൻ 107-ാം വയസിൽ വിട പറഞ്ഞു. അന്ധനായിരുന്നെങ്കിലും ഇവിടെ എത്തുന്ന വാഹനങ്ങളെ അകക്കണ്ണിന്റെ വെളിച്ചത്തിൽ മനസിലാക്കി പോകുന്ന സ്ഥലം കൃത്യമായി വിളിച്ചു പറഞ്ഞാണ് മണിച്ചേട്ടൻ യാത്രക്കാരുടെ പ്രിയപ്പെട്ടവനായത്. കണ്ടറിയാത്ത വാഹനങ്ങളെ കേട്ടറിയുന്ന മണിച്ചേട്ടൻ ബസ് സ്റ്റാൻഡും അനൗൺസ്‌മെന്റുമൊന്നും ഇല്ലാത്തകാലം മുതൽ അടുത്തിടെവരെ കോലഞ്ചേരിയിൽ സജീവമായിരുന്നു.

ഗോപിയെന്നാണ് പേരെങ്കിലും മണിച്ചേട്ടനെന്നാണ് അറിയപ്പെട്ടിരുന്നത്. ടൗണിൽ എത്തുന്ന ബസുകളുടെ ശബ്ദം കൃത്യമായി തിരിച്ചറിഞ്ഞാണ് പോകുന്ന സ്ഥലം വിളിച്ചുപറയുന്നത്. ഇന്നുവരെ മണിച്ചേട്ടന് ബസ് തെറ്റിയിരുന്നില്ല. ബസുകൾ ഒരുപാടായപ്പോഴും പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലവും സമയവും മണിച്ചേട്ടന് മന:പാഠമായിരുന്നു . അവശതകൾ തളർത്തിയിരുന്നെങ്കിലും താമസിക്കുന്ന പാറേക്കാട്ടി കോളനിയിൽ നിന്നും രണ്ടു കിലോ മീറ്ററോളം നടന്ന് കഴിഞ്ഞ ആഴ്ചവരെ കോലഞ്ചേരിയിൽ എത്തിയിരുന്നു. പ്രായമേറിയതോടെ സ്ഥലം വിളിച്ചുപറയാനല്ലെങ്കിലും കോലഞ്ചേരിയിലെത്തുക മണിച്ചേട്ടന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.

ബസ്സുടമകൾ നൽകുന്ന ചെറിയ തുക കൊണ്ടായിരുന്നു ഇക്കാലമത്രയും ജീവിച്ചത്. ഏഴാം വയസിൽ കോവളത്തുനിന്ന് വഴിതെറ്റി കോലഞ്ചേരിയിലെത്തിയതെന്നാണ് മണിച്ചേട്ടൻ തന്നെ പറയാറുള്ളത്. പിന്നീട് കോലഞ്ചേരിയായിരുന്നു മണിച്ചേട്ടന്റെ സർവതും. നിരപ്പാമലയിലെ പാറേക്കാട്ടി കോളനിയിൽ ഭാര്യ തങ്കമ്മയോടൊപ്പമാണ് താമസം. വാസു, ബിന്ദു, പരേതനായ സോമൻ എന്നിവരാണ് മക്കൾ. ശാന്ത,സജീഷ് എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ നടക്കും.