കൊച്ചി: കേരളം കാണാൻ ഡെന്മാർക്കിൽ നിന്നെത്തി കൊറോണ നിയന്ത്രണം മൂലം കുടുങ്ങിപ്പോയ സഞ്ചാരി മിറിയം സ്‌കോവ്ഗാർഡ് മഹോണി ഉൾപ്പെടെ വിദേശികൾക്ക് തുണയായത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌ക്.
കേരളം നൽകിയ മധുരാനുഭവങ്ങൾ നാട്ടുകാരുമായി പങ്കുവയ്ക്കാൻ മടങ്ങാൻ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെത്തിയ മിറിയത്തിന് താമസിക്കാൻ ഇടം കിട്ടിയില്ല. ഒരു ഹോട്ടൽ ഭക്ഷണം നൽകാൻ തയ്യാറായി. ടൂറിസം വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കിന്റെ ഫോൺ നമ്പരും നൽകി.
ബുധനാഴ്ച വെളുപ്പിന് മിറിയം വിളിച്ചയുടൻ ബോൾഗാട്ടി പാലസ് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തിയെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് പറഞ്ഞു.
രണ്ടു ദിവസം കൊണ്ട് നാലു വിനോദസഞ്ചാരികൾക്കും ഹെൽപ്പ് ഡെസ്‌ക് സഹായം നൽകി. ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തെത്തിയ ആസ്‌ട്രേലിയൻ സഞ്ചാരി ഗൂഡ്ഗർ ബെൻ ജൂലിയൻ, അമേരിക്കക്കാരി ആൻഡ്രി സെർഗീവിച്ച്, സിംഗപ്പൂരുകാരായ തിയ മാർത്ത അഗസ്റ്റിൻ, ആമി മേരി എന്നിവർക്കും താമസസൗകര്യം ആരും നൽകിയില്ല. ഹെൽപ്പ് ഡെസ്‌കിനെ ബന്ധപ്പെട്ട ഇവർക്ക് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് താമസസൗകരം ഉറപ്പാക്കി.
ചൊവ്വാഴ്ച നിലവിൽവന്ന ഹെൽപ്പ് ഡെസ്‌കുകൾ മുഴുവൻ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ച 19 ബ്രിട്ടീഷ് സഞ്ചാരികൾ ഹോട്ടലിൽ സുരക്ഷിതരാണ്. ഒരാഴ്ച നിരീക്ഷണത്തിൽ തുടരും. താമസച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.