കൊച്ചി: കുമ്പളങ്ങി കായൽ തീരത്ത് 'കവര് ' എന്ന പ്രകാശ പ്രതിഭാസം കാണാനെത്തിയാൽ പൊലീസ് പിടിയിലാകും. ഇന്നലെ ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ 16 പേർ അറസ്‌റ്റിലായി. പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ഥലത്ത് നിലയുറപ്പിച്ചവരാണ് പിടിയിലാണ്.
കൊറോണ വൈറസ് ഭീതിയിൽ ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്. പിടിയിലായതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ബോധവത്‌ക്കരണം നടത്തിയ ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത വാഹനങ്ങൾ, കാമറ എന്നിവ കോടതിയിൽ ഹാജരാക്കും.
18 വയസിൽ താഴെയുള്ള കുട്ടികളെ കവര് കാണാൻ അയയ്‌ക്കുന്ന മാതാപിതാക്കൾക്കെതിരെയും കൈകുഞ്ഞുങ്ങളുമായി വരുന്നവർക്കുമെതിരെയും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കുമെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു. നിയന്ത്രണം ലംഘിച്ച് തടിച്ചുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പൊലീസിന് നിർദ്ദേശം നൽകി. ആളുകൾ കൂട്ടമായി എത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് കർശന നടപടിയിലേക്ക് നീങ്ങിയത്.