കൂത്താട്ടുകുളം : വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട് കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ മരിച്ചു. ആറ്റൂർ കൊറ്റാൻചിറയിൽ, കെ.ആർ.ഗോപാലൻ (60) നാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.

ആറ്റൂർ ചാന്തിയം കവലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ ചാടിയ എലിയെ നീക്കംചെയ്യാൻ കിണറ്റിലിറങ്ങിയ ഗോപാലന് കിണറ്റിൽ വച്ച് ശ്വാസതടസം നേരിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൾ കിണറ്റിൽ നിന്ന് കയറിയെങ്കിലും ഗോപാലന് കയറാൻ സാധിച്ചില്ല. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുലിന്റെ നേതൃത്വത്തിലുള്ള കൂത്താട്ടുകുളം അഗ്നിശമന സേന സ്ഥലത്തെത്തി ഗോപാലനെ കിണറ്റിൽ നിന്ന് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.