കൊച്ചി: കൊറോണ ഭീതിയെ തുടർന്ന് എറണാകുളം പബ്ലിക് ലൈബ്രറിയിലും ആളൊഴിഞ്ഞു. ശരാശരി 500 പേർ നിത്യേന വന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന വായനക്കാർ മാത്രമാണ് എത്തുന്നത്. റഫറൻസ് റൂമിലും കോൺഫറൻസ് ഹാളിലും ആളില്ലാതായി. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് റഫറൻസ് ലൈബ്രറിയുടെ പ്രവർത്തനം. വിദ്യാർത്ഥികളും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യാേഗാർത്ഥികളുമാണ് ഈ സെക്ഷൻ ഉപയോഗിച്ചിരുന്നത്. 30 പേർക്ക് ഇവിടെ ഇരിക്കാൻ സൗകര്യമുണ്ട്. തിരക്ക് വർദ്ധിച്ചാൽ കോൺഫറൻസ് ഹാൾ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നോ നാലോ പേർ മാത്രമാണ് റഫറൻസ് വിഭാഗത്തിലുണ്ടായിരുന്നത്. താഴത്തെ നിലയിലെ റീഡിംഗ് ഹാളിലും ദിനപത്ര വായനക്കാർ കുറഞ്ഞു.
# പഴയ രീതിയിലേക്ക് മടക്കം
സ്പർശനം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി കിയോസ്കുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. പുസ്തകങ്ങൾ എടുക്കുന്നതിനും തിരികെ നൽകുന്നതിനും ഈ കിയോസ്കിൽ ഒന്നു സ്പർശിച്ചാൽ മതിയായിരുന്നു. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പഴയ രീതിയിൽ ലൈബ്രറി ജീവനക്കാർ ഇപ്പോൾ പുസ്തകങ്ങൾ ഇഷ്യു ചെയ്യും. ലിഫ്റ്റിൻ്റെ പ്രവർത്തനവും തത്കാലം നിർത്തിവച്ചിരിക്കുകയാണ്. പൊതു പരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം വന്ന ദിവസം തന്നെ ഈ മാസത്തെ സാംസ്കാരിക പരിപാടികൾ എല്ലാം റദ്ദാക്കി.ഞായറാഴ്ച തോറും നടത്തിയിരുന്ന സിനിമ പ്രദർശനവും അവസാനിപ്പിച്ചു.
# എക്സ്റ്റൻഷൻ കൗണ്ടറുകൾക്കും അവധി
എറണാകുളം പബ്ലിക് ലൈബ്രറിയുടെ എക്സ്റ്റൻഷൻ കൗണ്ടർ ഹൈക്കോടതി, ജി.സി.ഡി.എ, ഇൻഫോപാർക്ക്, ചക്കരപ്പറമ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വീതം ഇവിടങ്ങളിൽ ലൈബ്രറി ജീവനക്കാരെത്തി അംഗങ്ങൾക്ക് പുസ്തകങ്ങൾ നൽകും. കൊറോണ ഭീഷണി കണക്കിലെടുത്ത് ഈ കൗണ്ടറുകളുടെ പ്രവർത്തനവും തത്കാലം നിർത്തിവച്ചു.
# ലൈബ്രറി തുറന്ന് പ്രവർത്തിക്കും
ഐസോലേഷനിൽ കഴിയുന്ന വായനക്കാർക്ക് പുസ്തകങ്ങൾ സാന്ത്വനമാകും. ഇങ്ങോട്ടു വരാൻ കഴിയില്ലെങ്കിലും ഓൺലൈനായി അവർക്ക് പുസ്തകങ്ങൾ പുതുക്കാം. ഈ നിർണ്ണായക സമയത്ത് അംഗങ്ങൾക്ക് ഒപ്പം നിൽക്കാനാണ് ഭരണസമിതിയുടെ തീരുമാനം. അതിനാൽ തന്നെ ലൈബ്രറി അടയ്ക്കാനും ഉദേശിക്കുന്നില്ല. പ്രവേശനകവാടത്തിൽ സാനിറ്റൈസർ സൂക്ഷിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യാനുസരണം മാസ്കും ഗ്ലൗസും നൽകിയിട്ടുണ്ട്.
അഡ്വ. കൃഷ്ണമൂർത്തി,പബ്ലിക് ലൈബ്രറി സെക്രട്ടറി