കോലഞ്ചേരി: കൊറോണ ഭീതിയും, പക്ഷി പനിയും അലട്ടി, നാട്ടിലെ ഒറ്റപ്പെടുത്തലും, തൊഴിൽ മാന്ദ്യവും,പട്ടിണിയും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നു.നിർമാണ മേഖല സ്തംഭിച്ചതാണ് പ്രധാന കാരണം. നാടാകെ ഭീതിയിലാഴ്ന്നതോടെ അന്യ സംസ്ഥാന തൊഴിലാളികളെ ആരും പണിക്ക് വിളിക്കാതായി. വാടകയ്ക്ക് വീടു നൽകിയിരുന്നവർ വീടൊഴിയാനും നിർബന്ധിക്കുന്നു. ട്രെയിനുകൾ സർവീസ് കുറച്ചതോടെ കിട്ടുന്ന ട്രെയിൻ പിടിച്ച് മറ്റു സ്റ്റേഷനുകളിലേയ്ക്ക് പോവുകയാണ്. അവിടെ നിന്നും നാട്ടിലേക്ക് പോവികയാണ് ലക്ഷ്യം. ആലുവയിലുൾപ്പടെ ചെന്നൈയിലേക്കുള്ള ട്രെയനുകളിൽ കയറിപ്പറ്റാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടിയാണ്. സ്ലീപ്പർ കോച്ചിൽപ്പോലും ശ്വാസം വിടാനാവാത്ത വിധം തിക്കിത്തിരക്കിയാണ് യാത്ര.പലർക്കും ട്രെയിനിൽ കയറിപ്പറ്റാനാകാതെ ഇറങ്ങേണ്ടിവന്നു. ട്രെയിൻ ആളില്ലാത്തതു കാരണം റദ്ദാക്കുന്നതിനിടെയാണ് തിരക്കെന്നതും ശ്രദ്ധേയം. മലയാളികളായ ദീർഘദൂര യാത്രക്കാരുടെ എണ്ണം നിലവിൽ തീരെ കുറവാണ്.
വീട്ടിലേക്ക് മടങ്ങാൻ കടയുടമ പറയുന്നു
കൊറോണ ഭീതി കാരണം ഹോട്ടലുകൾ, തട്ടുകടകൾ, ശീതള പാനീയ വില്പനശാലകൾ, ഇറച്ചിക്കോഴി വില്പന സ്റ്റാളുകൾ,ബാർബർ ഷോപ്പുകൾ തുടങ്ങി ഇവരുടെ സാന്നിദ്ധ്യമുള്ള എല്ലാ സ്ഥാപനങ്ങളിലും റോഡു പണിയുൾപ്പടെ നിർമ്മാണ മേഖലകളിലും, പ്ലൈവുഡ് കമ്പനികളിലും കച്ചവടം കുറയുകയും ചെയ്തതോടെ താത്കാലികമായി മടങ്ങാനാണ് കടയുടമകൾ പറയുന്നത്. എന്നാൽ സാമ്പത്തിക വർഷാവസാനമായതോടെ തദ്ദേശ സ്ഥാപനങ്ങളുടേതുൾപ്പെടെ മിക്ക പ്രവർത്തികളും 31നു മുമ്പ് തീർക്കേണ്ടതുണ്ട്. ഇതിനിടെ തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വൻ പ്രതിസന്ധിയുണ്ടാക്കും.
പൂർണ സുരക്ഷ ഒരുക്കും
പ്ലൈവുഡ് കമ്പനിയുടമകൾ നാട്ടിൽ നിൽക്കുന്നവർക്ക് പൂർണ സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് സോ മിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിേയഷൻ പറയുന്നു. നിലവിൽ കമ്പനികൾ തോറും ബോധവത്കരണവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സുരക്ഷയുമൊരാക്കുന്നുണ്ട്.
അതത് ഭാഷയിൽ ബോധവത്കരണം നടത്തുന്നുണ്ട്
ഒരു ലക്ഷത്തിലധികം പേർ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഇവരെ പുറത്തു വിടുന്നില്ല. ഒരോ സ്ഥാപന ഉടമയും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏതു സംസ്ഥാനക്കാരായാലും അവരുടെ ഭാഷയിൽ പ്രാവീണ്യമുള്ളവരെ കൊണ്ടാണ് ബോധവത്കരണം നടത്തുന്നത്. നിലവിലുള്ള സാഹചര്യം നിയന്ത്രണ വിധേയമാണ്.
ബാബു സെയ്താലി , ജില്ലാ ട്രഷറർ, സോ മിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ്
മാനുഫാക്ചേഴ്സ് അസോ.