പട്ടിമറ്റം: രാത്രിയുടെ മറവിൽ പട്ടിമറ്റം ടൗണിൽ പഞ്ചായത്ത് വക സ്ഥലം കൈയേറി കുഴൽ കിണർ താഴ്ത്താനുള്ള നീക്കം നാട്ടുകാരുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടൽ മൂലം ഉപേക്ഷിക്കേണ്ടി വന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ടൗണിലുള്ള ഷോപ്പിംഗ് കോംപ്ളെക്സിനു പിന്നിലുള്ള വഴിയിലാണ് കുഴൽ കിണറടിക്കാൻ ശ്രമിച്ചത്. പി.പി റോഡിലേയ്ക്ക് കടക്കുന്നതിനുള്ള വഴിയാണിത്. രാത്രി കിണർ താഴ്ത്താൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ വഴിയിൽ ടൈൽ നിരത്തിയാണ് യാത്ര സൗകര്യമൊരുക്കിയിരിക്കുന്നത്. ടൈൽ പൊളിച്ച് കിണർ താഴ്ത്തുകയായിരുന്നു ലക്ഷ്യം. വിവരം കുന്നത്തുനാട് പൊലീസിൻ്റെ ശ്രദ്ധയിൽപെടുത്തിയതോടെ പൊലീസെത്തി ഉപകരണങ്ങൾ എടുത്തു മാറ്റിച്ചു. പഞ്ചായത്ത് സ്ഥലം കൈയേറാൻ ശ്രമിച്ചതിന് പട്ടിമറ്റം മുടവന്തിയിൽ പത്രോസ് എന്നയാൾക്കെതിരെ നടപടി എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.