jail
ഐസൊലേഷൻ വാർഡിനായി പരിഗണിക്കുന്ന ആലുവ സബ് ജയിൽ

ആലുവ: മദ്ധ്യമേഖലയിലെ തടവുകാർക്ക് കൊറോണരോഗ ബാധയുണ്ടായാൽ നേരിടുന്നതിനായി ആലുവ സബ് ജയിൽ ഐസൊലേഷൻ വാർഡാക്കും. ഇവിടെ നിലവിലുണ്ടായിരുന്ന 65 തടവുകാരെയും വിയ്യൂർ, എറണാകുളം ജില്ലാ ജയിൽ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, തൊടുപുഴ ജയിലുകളിലേക്ക് മാറ്റി.

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് ജയിൽ ഡി.ജി.പിയുടെ സർക്കുലർ ആലുവ ജയിൽ സൂപ്രണ്ട് കെ.എ. അബ്ദുൾ ജലീലിന് ലഭിച്ചത്. പൊലീസ് സംരക്ഷണത്തോടെ തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മൂന്ന് പൊലീസ് ബസുകൾ വിട്ടുനൽകിയതോടെ ഇന്നലെത്തന്നെ ജയിൽ കാലിയാക്കി. ആദ്യം വിയ്യൂരിലേക്കും തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കുമുള്ള ബസുകളിലാണ് തടവുകാരെ കൊണ്ടുപോയത്. ഈ ബസുകൾ തിരിച്ചെത്തിയശേഷം ജില്ലാ ജയിലിലേക്കും മട്ടാഞ്ചേരിയിലേക്കും അവശേഷിക്കുന്ന തടവുകാരെ നീക്കി.

ആലുവ സബ് ജയിലിലെ കാന്റീൻ ബ്ളോക്ക് പൊളിച്ച് പുതിയകെട്ടിടം നിർമ്മിക്കുന്നതിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മാർച്ച് 31നകം നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് ഐസലേഷൻ വാർഡാക്കാൻ ഉന്നതതല തീരുമാനമുണ്ടായത്. എറണാകുളത്തിന് പുറമെ കോട്ടയം, ഇടുക്കി, തൃശൂർ തുടങ്ങിയ നാല് ജില്ലകൾ അടങ്ങുന്നതാണ് ജയിൽ വകുപ്പിന്റെ മദ്ധ്യമേഖല. ഇന്നോ നാളെയോ ഡോക്ടർമാരെത്തി പരിശോധിച്ച് ഐസലേഷൻ വാർഡിന് യോഗ്യമാണെന്ന് ഉറപ്പാക്കും. തുടർന്ന് മറ്റ് നടപടികൾ സ്വീകരിക്കും.

ഐസലേഷൻ വാർഡിന്റെ ആവശ്യമുണ്ടായില്ലെങ്കിൽ കാന്റീൻ കെട്ടിടം പൊളിച്ച് പുതിയ മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കും. താഴെ അടുക്കളയും മുകളിൽ ജീവനക്കാർക്കുള്ള വിശ്രമമുറികളും ഏറ്റവും മുകളിൽ ഹാളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. താഴത്തെ നിലയുടെ നിർമ്മാണം തീരുന്നതുവരെ തടവുകാരെ ആലുവയിലേക്ക് കൊണ്ടുവരില്ല. തടവുകാർക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് മറ്റ് സംവിധാനങ്ങളൊന്നുമില്ല.