കൊച്ചി : കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ ഒാൺലൈൻ മദ്യവില്‌പന തുടങ്ങാൻ ബിവറേജസ് കോർപ്പറേഷനോടു നിർദ്ദേശിക്കണമെന്ന ഹർജി ഹൈക്കോടതി 50,000 രൂപ കോടതിച്ചെലവു സഹിതം തള്ളി. ആലുവ ദേശം സ്വദേശി ജി. ജ്യോതിഷ് നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്.
കോടതിയെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് ഹർജിയെന്നും ,കൊറോണ ഭീഷണിയിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കുന്നതിനിടെ ഇത്തരം അപക്വ നടപടി വെറുതേ വിടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് കെട്ടിവച്ച് രസീത് ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കണം. അല്ലാത്ത പക്ഷം, റവന്യു റിക്കവറി നേരിടേണ്ടി വരും.
തിരക്ക് കുറയ്ക്കാനെന്ന്
ഹർജിക്കാരൻ
കൊറോണ ഭീഷണിയുള്ളതിനാൽ ബിവറേജ് ഒൗട്ട്ലെറ്റുകളിൽ ആളുകളുടെ തിരക്ക് ഒഴിവാക്കുന്നതിന്
വിൽപ്പന ഒാൺലൈനാക്കാൻ ഹൈക്കോടതി നിർദ്ദേശിക്കണം. ഭക്ഷണം ഒാൺലൈനായി ലഭ്യമാക്കുന്ന ആപ്ളിക്കേഷനുകൾ നിലവിലുണ്ടെന്നും ഹർജിയിൽ പറയുന്നു.
അപഹാസ്യമെന്ന്
ഹൈക്കോടതി
ഹൈക്കോടതി പോലുള്ള മഹത്തായ സ്ഥാപനത്തെ അപഹസിക്കുന്ന തരത്തിലുള്ള നടപടി ആക്ഷേപകരമാണെന്നും, അങ്ങേയറ്റത്തെ ദേഷ്യവും വെറുപ്പും തോന്നുന്നുവെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
മദ്യവില്പന മൗലികാവകാശമല്ലാത്തതിനാൽ സാധാരണ സാഹചര്യത്തിൽപ്പോലും ഹർജിക്കാരന് ഇത്തരമൊരാവശ്യം ഉന്നയിക്കാനാവില്ല. വില കുറഞ്ഞ പബ്ളിസിറ്റിക്കാണ് ശ്രമിച്ചത്. ഹർജി നൽകാൻ തിരഞ്ഞെടുത്ത സാഹചര്യവും അലോസരപ്പെടുത്തുന്നു. കൊറോണ പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലും സുരക്ഷയും ഉറപ്പാക്കുന്ന സമ്മർദ്ദത്തിലാണ് എല്ലാവരും. മാർച്ച് 16 മുതൽ 31 വരെ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് തീരുമാനം. വ്യവഹാരികൾക്ക് മറ്റുള്ളവരെക്കുറിച്ച് ബോധമുണ്ടാവണം. ജഡ്ജിമാരും അഭിഭാഷകരും ഗുമസ്തരും ജീവനക്കാരും കൊറോണ ഭീഷണിയെ നേരിട്ടാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് തുടർന്ന്,ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇത്തരമൊരു ഹർജിക്ക് ഉചിതമായ കോടതിച്ചെലവ് ചുമത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.