കുറുപ്പംപടി: കോടനാട് കപ്രിക്കാട് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. പ്രസിഡൻ്റ് എം.എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൈപ്പ് കണക്ഷൻ സ്ഥാപിച്ച് കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. കൊറോണ വൈറസിനെക്കുറിച്ച് അവബോധം നൽകുന്നതിനായി പോസ്റ്ററുകൾ അച്ചടിച്ച് വിതരണം ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവർ വീടുകളിൽ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ സാനിറ്റേഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്തുന്നതിൽ സമൂഹത്തിൻ്റെ പങ്കാളിത്തവും ആവശ്യമാണെന്ന് പ്രസിഡൻ്റ് എം.എസ് സുകുമാരൻ പറഞ്ഞു. പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒന്നായ കപ്രിക്കാട് അഭയാരണ്യം സുരക്ഷാ പ്രശ്നങ്ങളുടെ ഭാഗമായി ആഴ്ചകളായി തുറന്നു പ്രവർത്തിക്കുന്നില്ല. എങ്കിലും നിരവധി
ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മികച്ച മാർഗ്ഗമായാണ് ഇടയ്ക്കിടെ കൈകൾ ശുചിയാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത്. രോഗവ്യാപനം തടയുവാൻ പഴുതടച്ച സംവിധാനം എന്ന രീതിയിലാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിനിലൂടെ കൈകഴുകൽ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടറി പി .ആർ സലിം, ട്രസ്റ്റി എൻ .എസ്.മോഹനൻ മറ്റു കമ്മിറ്റി അംഗങ്ങളും കാമ്പയിനിൽ പങ്കെടുത്തു.