ആലുവ: വിദേശങ്ങളിൽ നിന്ന് മടങ്ങിവന്നശേഷം ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ അവഗണിച്ച് പുറത്ത് കറങ്ങി നടന്നവർക്കെതിരെ റൂറൽ ജില്ലയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ആലുവ ഈസ്റ്റ്, പെരുമ്പാവൂർ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പരിസരവാസികൾക്ക് കൂടുതൽ ആശങ്കയും ഭീതിയും ഒഴിവാക്കുന്നതിന് പ്രതികളുടെ പേരുകൾ വെളിപ്പെടുത്തുന്നില്ല. വിദേശത്തുനിന്നും നാട്ടിൽവരികയും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് പൊതുസമ്പർക്കം പുലർത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ പൊലീസ് സ്റ്റേഷനിലോ ആലുവ കൺട്രോൾ റൂം ഫോൺ നമ്പറിലോ (9497980500, 04842620172) അറിയിക്കണം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീരീക്ഷണത്തിലിരക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും ആവശ്യം വന്നാലും വിളിച്ചറിയിക്കാം. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 9497976005 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. വിളിച്ചറിയിക്കുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷക്കും.

ആഘോഷങ്ങളെല്ലാം ആചാരങ്ങൾ മാത്രമായി ചുരുക്കണം. എല്ലാവരും ഒറ്റക്കെട്ടായി നിന്നെങ്കിലേ കൊറോണയെ നേരിടാനാകൂ.