പറവൂർ : പറവൂർ നഗരസഭാ പരിധിയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ചേർന്നു. വി.ഡി. സതീശൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ചെയർമാനും താലൂക്ക് ആശുപത്രി സൂപ്രണ്ട് നിലവിലെ സ്ഥിതിഗതികളും യോഗത്തിൽ വിശദീകരിച്ചു. ആളുകൾ കൂട്ടം കൂടുന്നതും യോഗങ്ങൾ ചേരുന്നതും നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ എം.എൽ.എ ആവശ്യപ്പെട്ടു.
വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും നിരന്തരം അന്വേഷിക്കും. ആവശ്യമായ സഹായം നൽകാൻ മുൻകൈ എടുക്കും. നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. മുൻസിപ്പൽ പാർക്കും ലൈബ്രറി റീഡിംഗ് റൂമും 31 വരെ അടച്ചിടും. ടൗൺഹാൾ ബുക്കിംഗ് നടത്തിയവരുടെ പണം ആവശ്യപ്പെടുന്ന മുറയ്ക്ക് തിരിച്ചുനൽകും. ഓഡിറ്റോറിയങ്ങളിലെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും. ആരാധനാലയങ്ങളിലും ഇക്കാര്യത്തിൽ സഹകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കും. സർക്കാർ സ്ഥാപനങ്ങളിൽ സന്ദർശനം നിയന്ത്രിക്കും. ഹോട്ടലുകൾ, ലോഡ്ജുകൾ, അന്യസംസ്ഥാന തൊഴിലാളി താമസയിടങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കർശന പരിശോധനയുണ്ടാകും. വിദേശത്ത് നിന്ന് മടങ്ങിയെത്തവർ യഥാസമയം താലൂക്ക് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നീട് ക്വാറണ്ടയിൻ സാക്ഷ്യപത്രം ലഭിക്കില്ല. വാർഡുതല സാനിറ്റേഷൻ കമ്മിറ്റികൾ അടിയന്തരമായി ചേരും.
നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ, വൈസ് ചെയർമാൻ ജെസി രാജു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വി. നിഥിൻ, ജലജ രവീന്ദ്രൻ, പ്രദീപ് തോപ്പിൽ, വി.എ. പ്രഭാവതി, ഡെന്നീ തോമസ്, പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ. എസ്. ശ്രീകുമാരി എന്നിവർ സംസാരിച്ചു.