കൊച്ചി: തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ച മരട് മുനിസിപ്പാലിറ്റിയിലെ നാല് ഫ്ളാറ്റുകൾക്ക് നിർമ്മാണ പെർമിറ്റ് നൽകിയ കാലയളവിലെ പഞ്ചായത്ത് പ്രസിഡന്റിനെ കേസിൽ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടി.

നിർമ്മാണ മാഫിയകളും അതിനു സഹായിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടുമാണ് മരടിലെ നിയമലംഘനങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന് കഴിഞ്ഞ 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലെ ടി.ജെ.വിനോദ് എം.എൽ.എയുടെ ചോദ്യത്തിന് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് മന്ത്രി മറുപടി പറഞ്ഞിരുന്നു. അനുമതി നൽകിയ കാലയളവിലെ മരട് പഞ്ചായത്ത് പ്രസിഡന്റിനെ പ്രതി ചേർത്ത് അന്വേഷണം നടത്തുന്നതിന് ക്രൈംബ്രാഞ്ച് സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യവും മന്ത്രി അറിയിച്ചു.

മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊളിച്ചുമാറ്റിയ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ ഏറ്റെടുത്ത കമ്പനി അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു അനുമതി നൽകിയിട്ടുള്ളതാണെന്നും നഗരസഭയുടെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലും പരിശോധനയിലുമാണ് ഈ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.