തോട്ടക്കാട്ടുകരയിൽ നാലരക്കോടിയുടെ മിനി മാർക്കറ്റ്
ആലുവ: 14.5 കോടി രൂപ ചെലവിൽ ചൂണ്ടിയിൽ 145 കുടുംബങ്ങൾക്ക് ഭവനസമുച്ചയം നിർമ്മിക്കുന്ന പദ്ധതി ഉൾപ്പെടുത്തി ആലുവ നഗരസഭയിൽ 41 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. തോട്ടക്കാട്ടുകര മിനിമാർക്കറ്റ് നാലരക്കോടി രൂപ മുടക്കി പുതിയ മാർക്കറ്റ് സമുച്ചയവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
41.19 കോടി രൂപ വരവും 40.52 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . മിനി മാർക്കറ്റ് നവീകരണത്തിന് ഇംപാക്ട് കേരള (കിഫ്ബി) പദ്ധതിയിൽ 4.5 കോടി രുപ മുടക്കും. എടത്തല ഗ്രാമപഞ്ചായത്തിൽപ്പെട്ട ചൂണ്ടിയിൽ നഗരസഭവക ഒരേക്കർ ഭൂമിയിലാണ് ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. മുനിസിപ്പൽ ലൈബ്രറി ഡിജിറ്റലൈസേഷനും നവീകരണവും പഴയ ബസ് സ്റ്റാൻഡ് കെട്ടിട നിർമ്മാണം, വനിതകൾക്കായി ഷീ ലോഡ്ജ്, നഗരം ചുറ്റി മെട്രോ ലിങ്ക് സർവീസ്, നഗരസഭ ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നിലവാരത്തിലേക്ക് ഉയർത്തുക, പുതിയ സ്വകാര്യബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, ആധുനിക ബസ് ഷെൽട്ടറുകൾ, നഗരത്തിൽ പൂർണമായും നീരീക്ഷണ കാമറ സ്ഥാപിക്കൽ, അഗതിരഹിത കേരളം പദ്ധതി ഉൾപ്പടെ നിരവധി പദ്ധതികൾ ബഡ്ജറ്റിലുണ്ട്.
വൈസ് ചെയർമാൻ സി. ഓമനയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ബഡ്ജറ്റിൻമേലുള്ള ചർച്ച 23ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കുമെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചു. അതേസമയം ബഡ്ജറ്റ് നിരാശാജനകമാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ബഡ്ജറ്റ് നിരാശജനകമാണെന്ന് ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ പറഞ്ഞു. കൂടുതൽ ചർച്ചയ്ക്ക് വഴിവെക്കാതെ ചെയർപേഴ്സൺ കൗൺസിൽ പിരിച്ചുവിടുകയായിരുന്നു.