notice
കോറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്യാതെ നഗരസഭയിൽ കൂട്ടിയിട്ടിരിക്കുന്നു

ആലുവ: ആലുവ നഗരസഭയിൽ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമല്ലെന്ന് ആക്ഷേപം. അടിയന്തര കൗൺസിൽ യോഗം ചേർന്ന് എല്ലാ വാർഡുകളിലും രോഗപ്രതിരോധ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്യാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു.

കുടുംബശ്രീ, ആശാ വർക്കർ, അഗൻവാർടി ജീവനക്കാർ മുഖേന ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും നടപ്പാക്കാൻ അധികൃതർ തയ്യാറായില്ല. അച്ചടിച്ച നോട്ടീസുകൾ നഗരസഭ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യമാണ് നഗരത്തിൽ നിലനിൽക്കുന്നതെന്നും ഇതിനെ ഫലപ്രദമായി നേരിടാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും രാജീവ് സക്കറിയ അവശ്യപ്പെട്ടു.