കൊച്ചി: കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള ജാഗ്രത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കോർപ്പറേഷൻ ആരോഗ്യ സമിതി തീരുമാനിച്ചു.
സന്ദർശകരെ നിയന്ത്രിക്കുന്നതിനായി കൊച്ചി നഗരസഭയുടെ മെയിൻ ഓഫീസിലേക്കുള്ള പ്രധാന ഗേറ്റ് നഗരസഭ വാഹനങ്ങൾക്ക് മാത്രമായി തുറന്നു കൊടുക്കും. പൊതുജനങ്ങൾ എത്തുന്ന എല്ലാ സെക്ഷനുകളിലും ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കും.പൊതുഗതാഗത വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ,ഓട്ടോ ടാക്‌സി എന്നിവർക്ക് അറിയിപ്പ് നൽകും. പൊതു സ്ഥലങ്ങളിൽ ബോധവത്കണ ബോർഡുകൾ സ്ഥാപിക്കുന്നതിനും പൊതുഗതാഗത വാഹനങ്ങളിൽ പതിക്കുന്നതിനായി ബോധവത്കരണ സ്റ്റിക്കറുകൾ സൗജന്യമായി നൽകുന്നതിനും യോഗം ശുപാർശ ചെയ്തു.
#കിയോസ്‌ക്കുകൾ സ്ഥാപിക്കും
ഓരോ ഡിവിഷനിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ കക്ഷികൾ എന്നിവരുടെ സഹായത്തോടെ ബ്രേക്ക് ദ ചെയിൻ കിയോസ്‌ക്കുകൾ സ്ഥാപിക്കും. സഹായം ലഭ്യമാകാത്ത സ്ഥലങ്ങളിൽ നഗരസഭ സ്വന്തം നിലയ്ക്ക് കിയോസ്‌ക്ക് സ്ഥാപിക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.
വഴിയോരത്തുള്ള അനധികൃത കച്ചവടങ്ങൾ,പെട്ടിക്കടകൾ(ബേൽപ്പൂരി,സർബത്ത് തുടങ്ങിയവ) 31 വരെ നിർത്തി വയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തി. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ മുൻഭാഗത്തായി ബ്രേക്ക് ദ ചെയിൻ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകും.
# യോഗത്തിലെ ശുപാർശകൾ
-31 വരെ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുക
-അവശ്യവസ്തുക്കൾ സമയബന്ധിതമായി ലഭ്യമാക്കുക
-പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഹെൽത്ത് ഇൻസ്പക്‌ടറെ ചുമതലപ്പെടുത്തുക
-സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് തെർമോ മീറ്റർ വാങ്ങുക
- സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ കൗണ്ടറുകൾ ആരംഭിക്കുക