ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത കോളേജധികൃതരും വിഢികളായി

കോട്ടയം : വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ കയറ്റിയ ശേഷം പരീക്ഷ മാറ്റിവച്ച് എം.ജി സർവകലാശാലയുടെ 'ക്രൂര വിനോദം'!. ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്തെടുത്ത ശേഷം പരീക്ഷ മാറ്റിവച്ചെന്ന അറിയിപ്പ് ഇറക്കിയത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയെന്നാരോപിച്ച് കോളേജ് അധികൃതരും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി യോഗം ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു, സർവകലാശാലാ പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചിട്ടും ചോദ്യപേപ്പറുകൾ കോളേജുകൾക്ക് വിതരണം ചെയ്തതിനാൽ പരീക്ഷ നടക്കുമെന്ന് ഇന്നലെ ഉച്ചയ്ക്ക് 12.45ന് സർവകലാശാല പത്രക്കുറിപ്പിറക്കി. ഇത് വാർത്തയായതോടെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ ഇടപെട്ടതോടെയാണ് ഒന്നേകാലോടെ പരീക്ഷ മാറ്റിയെന്ന രണ്ടാമത്തെ അറിയിപ്പ് ഇറക്കിയത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചപ്പോൾ എം.ജിയും പരീക്ഷ മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി വൈകി പരീക്ഷ മാറ്റിവയ്ക്കില്ലെന്ന പത്രക്കുറിപ്പായിരുന്നു വൈസ് ചാൻസലറുടേതായി ഇറങ്ങിയത്. ഇന്നലെ രാവിലെ സപ്ലിമെന്ററി പരീക്ഷയും നടത്തി ഉച്ചയ്ക്ക് 2 ന് ബിരുദ സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു പരീക്ഷ മാറ്റിവച്ചെന്ന അറിയിപ്പ് കോളേജ് അധികൃതർക്ക് ലഭിച്ചത്. പരീക്ഷാഫലം നേരത്തേ പ്രസിദ്ധീകരിക്കാൻ റഗുലർ ,പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷ ഒന്നിച്ചായിരുന്നു ഈ വർഷം നടത്തിയത്. ഇത് സാമ്പത്തിക ലാഭവും നേടിക്കൊടുത്തു.

ഉപയോഗശൂന്യമായി ചോദ്യപേപ്പർ

പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഡൗൺലോഡ് ചെയ്തെടുത്ത ചോദ്യപേപ്പർ ഉപയോഗ ശൂന്യമായി. ഇനി വീണ്ടും പരീക്ഷ നടത്തുപ്പോഴും കോളേജ് അധികൃതരുടെ ചെലവിൽ അടുത്ത സെറ്റ് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്തെടുക്കണം. എം.ജി സർവകലാശാല ഇതാദ്യമല്ല വിദ്യാർത്ഥികളെയും കോളേജ് അധികൃതരെയും വട്ടം ചുറ്റിക്കുന്നത്. മഹാപ്രളയ കാലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴും പരീക്ഷ നടത്തുമെന്ന് അറിയിച്ച എം.ജി വിദ്യാർത്ഥികൾ ബുദ്ധിമുട്ടി കോളേജിലെത്തിയ ശേഷം പതിമൂന്നാം മണിക്കൂറിൽ പരീക്ഷ മാറ്റുകയായിരുന്നു.

ക്രെഡിറ്റിന് വേണ്ടിയുള്ള പിടിവാശി

കൊറാണ അധികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന എം.ജി സർവകലാശാലയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥി സംഘടനകളടക്കം ആവശ്യപ്പെട്ടിരുന്നു. വൈസ് ചാൻസലറുമായി ചർച്ച നടത്തിയിട്ടും ആദ്യം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സർവകലാശാല എന്ന നേട്ടത്തിനായി പരീക്ഷ മാറ്റാൻ തയ്യാറായില്ലെന്നാണ് ആരോപണം.