കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസുകാരുടെ ജാമ്യാപേക്ഷ റദ്ദാക്കാൻ സി.ബി.ഐ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന റജിമോൻ, സിവിൽ പൊലീസ് ഒാഫീസർമാരായ എസ്. നിയാസ്, സജീവ് ആന്റണി, ജിതിൻ കെ. ജോർജ്ജ്, എ.എസ്.ഐ റോയി പി. വർഗീസ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് സി.ബി.ഐ ഹർജി നൽകിയത്.

സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് പിടികൂടിയ രാജ്കുമാർ 2019 ജൂൺ 21 നാണ് കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ചത്. 2019 ജൂൺ 15 ന് പിടികൂടിയ ഇയാളെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് റിമാൻഡ് ചെയ്തെങ്കിലും തൊട്ടടുത്ത ദിവസം ഇയാൾ മരിച്ചു.

കേസിൽ മുഖ്യപ്രതിയായ എസ്.ഐ സാബുവിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം നൽകിയ ഹർജിയിൽ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഇയാളെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു. ഇതിനിടെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തുടർന്ന് സി.ബി.ഐയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി വിധി മറ്റു പ്രതികൾക്കും ബാധകമാണെന്ന് വ്യക്തമാക്കി സി.ബി.ഐ ഇവരെ അറസ്റ്റ് ചെയ്തെങ്കിലും ഇൗ നടപടിയെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകാൻ നിർദ്ദേശിച്ചു.