ആലുവ: ചൂർണിക്കര കട്ടേപ്പാടത്ത് നെൽക്കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടി ഇരണ്ടകൾ നശിപ്പിച്ചു. 25 ഏക്കറിലേക്കായി 600 കിലോഗ്രാം നെൽവിത്താണ് ഉപയോഗിച്ചിരുന്നത്. ഞാറ്റടിയുടെ പകുതിയിലേറെ ഭാഗവും ഇരണ്ടകളും ദേശാടനപ്പക്ഷികളും തിന്നു നശിപ്പിച്ചു. അടയാളത്തിന്റെ നേതൃത്വത്തിൽ കട്ടേപ്പാടത്തും ചവർപ്പാടത്തുമായി നൂറ് ഏക്കറോളം നെൽകൃഷിയാണ് നടത്തിയിരുന്നത്. എന്നാൽ വെള്ളക്കെട്ട് മൂലം കട്ടേപ്പാടത്തെ കൃഷി നഷ്ടത്തിലാവുകയായിരുന്നു. അതിനിടയിലാണ് അടുത്ത കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടിയും നശിപ്പിക്കപ്പെട്ടത് തുടർച്ചയായ നഷ്ടത്തിനിടയാക്കുമെന്ന് അടയാളം പ്രസിഡന്റ് അൻസാർ പറഞ്ഞു. ചൂട് കൂടുന്നതോടെ വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് നിരവധി പക്ഷികളാണ് പറന്നെത്തുന്നത്. ഇവർ കൃഷിയുടെ അന്തകരാവുകയാണ്.