ബി.ജെ.പി, സ്വതന്ത്ര അംഗങ്ങൾ എതിർത്തു

ആലുവ: ആലുവ നഗരസഭയിലെ വിവാദ കുടിവെള്ള പ്ലാന്റ് നഗസഭ പാർക്കിൽ സ്ഥാപിക്കാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. ഇടത് വലത് കൗൺസിലർമാരും പദ്ധതിക്ക് നേതൃത്വം നൽകുന്ന കുടുംബശ്രീ യൂണിറ്റുകളിൽ അംഗങ്ങളായതിനാൽ ഇരുമുന്നണികളും ഒരേമനസോടെയാണ് സ്ഥലം കണ്ടെത്തിയത്. അതേസമയം ബി.ജെ.പി അംഗവും സ്വതന്ത്ര കൗൺസിലർമാരും പദ്ധതിക്ക് എതിരാണ്.

പാർക്കിലെ നാല് സെന്റ് സ്ഥലമാണ് ആർ.ഒ. പ്ലാന്റ് നിർമ്മിക്കുവാനായി കണ്ടെത്തിയിരിക്കുന്നത്.

നഗരസഭയുടെ 'കുറ്റിപ്പുഴ കൃഷ്ണപിള്ള ലൈബ്രറി' സ്ഥിതി ചെയ്യുന്ന വളപ്പിലാണ് പ്ലാന്റിനായി ആദ്യം സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ ലൈബ്രറി വളപ്പ് കച്ചവട ആവശ്യത്തിനായി നീക്കിവെയ്ക്കുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ പദ്ധതി വിവാദത്തിലായി. നിരവധി സാംസ്‌കാരിക നായകൻമാരാണ് ഇതിനെതിരെ രംഗത്തുവന്നത്. ഇതോടെ നഗരസഭ പദ്ധതി നടപ്പാക്കുന്നതിൽ പിന്നാക്കം പോയി. പുതിയ സ്ഥലത്തിനായി ശ്രമം ആരംഭിക്കുകയും ചെയ്തു.

12 ലക്ഷം രൂപ കേന്ദ്രസർക്കാർ ഫണ്ടും 12 ലക്ഷം രൂപ വായ്പയുമെടുത്തുമാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ച് കുടുംബശ്രീ അംഗങ്ങളാണ് പദ്ധതിയുടെ നടത്തിപ്പുകാർ. ഇവരാണ് വായ്പയെടുക്കുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയവഴി ജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കി വിൽക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പ്രദേശമായ മുനിസിപ്പൽ പാർക്ക് നഗരസഭ അധികൃതർ കഴിഞ്ഞദിവസം സന്ദർശിച്ചു.