തൃക്കാക്കര : കൊറോണ പ്രതിരോധ പദ്ധതിക്ക് നേതൃത്വം നൽകുന്ന കളക്ടറേറ്റിൽ തന്നെ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിൻ പൊളിഞ്ഞു. ജില്ലാ ഭരണകൂടം കളക്ടറേറ്റ് അങ്കണത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കൈകഴുകൽ കേന്ദ്രത്തിൽ ഇന്നലെ ഉണ്ടായിരുന്നത് വെള്ളംമാത്രം. സോപ്പും സാനിറ്റൈസറും അപ്രത്യക്ഷമായി. കൈകഴുകാൻ ആരുമെത്തിയില്ല. അനാഥപ്രേതം പോലെ വെള്ള ടാങ്കും പൈപ്പുകളും കാലികുതികളും അവശേഷിച്ചു.
കഴിഞ്ഞ 16 നാണ് കളക്ടർ എസ്.സുഹാസ് സാനിറ്റൈസറും സോപ്പും ഉപയോഗിച്ചു കഴുകി ഉദ്ഘാടനം ചെയ്തത്. ദിവസം നാല് കഴിഞ്ഞപ്പോഴേക്കും സോപ്പും മറ്റും തീർന്നത് അധികൃതർ അറിഞ്ഞില്ല. ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്നുടത്താണ് ഉദ്യോഗസ്ഥരുടെ അലംഭാവം. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ ദിവസങ്ങളായി കളക്ടറേറ്റിലുണ്ടായിട്ടും നിസംഗരാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ.
കളക്ടറേറ്റിലെ പഴയ ബ്ലോക്കിൽ ലിഫ്റ്റിന് സമീപത്തും ചില ഓഫീസുകളിലും കൈകഴുകൾ സംവിധാനങ്ങളുണ്ട്. എന്നാൽ ഏറെപ്പേരെത്തുന്ന താഴത്തെ നിലയിലെ അക്ഷയ സെന്റർ,ജില്ലാ ട്രഷറി, തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് യാതൊരു സുരക്ഷയുമില്ല.