തൃപ്പൂണിത്തുറ: നഗരസഭയിലെ എൽ.ഡി.എഫ് ഭരണസമിതി കൗൺസിലിൽ അവതരിപ്പിച്ച ബഡ്ജറ്റ് മെട്രോ നഗരമായി മാറുന്ന തൃപ്പൂണിത്തുറയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ പറഞ്ഞു.മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ഗതാഗത കുരുക്കില്ലാത്ത റോഡുകളാണ്. ഇതു സംബന്ധിച്ച് ഒരു നിർദ്ദേശവുമില്ല. മുൻവർഷത്തെ ബഡ്ജറ്റിൽ ഗതാഗതത്തിന് ഒരുമാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നു.പക്ഷെ ഒന്നും നടപ്പായില്ല. ഇക്കുറി പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ബസ് ടെർമിനൽ 2018 ലും 2019ലും ബഡ്ജറ്റിലുണ്ടായിരുന്നു.എന്നാൽ നടപ്പാക്കിയില്ല. ഇപ്പോൾ 85 കോടി വായ്പയെടുത്ത് നടപ്പാക്കുമെന്നാണ് പറയുന്നത്. വർഷങ്ങളായി നടപ്പാക്കാൻ കഴിയാത്ത മാലിന്യപ്ലാൻ്റ് പദ്ധതിയും ഇക്കുറിയുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന നീക്കങ്ങളാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.