കൊച്ചി : പൊലീസ് ക്യാമ്പിൽ നിന്ന് കാണാതായ വെടിയുണ്ടകൾക്ക് പകരം 350 ഡമ്മി കാട്രിഡ്ടജുകൾ വച്ച കേസിൽ അറസ്റ്റിലായ എസ്.ഐ റെജി ബാലചന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ഫെബ്രുവരി 26 നാണ് റെജിയെ അറസ്റ്റ് ചെയ്തത്. സാക്ഷികളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. 2010 നവംബർ രണ്ടിനാണ് പൊലീസ് ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായത്. 2013 ജൂലായ് മൂന്നിന് എസ്. എ.പിയിൽ ഹവിൽദാറായി ജോയിൻ ചെയ്ത തനിക്ക് ഇതുമായി ബന്ധമില്ലെന്നും ഡമ്മി കാട്രിഡ്ജുകൾ കാണിച്ച് താൻ മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്.