ആലുവ: കുട്ടമശേരി ചൊവ്വര ഫെറിയിലെ നീന്തൽ കടവിൽ സാമൂഹികദ്രോഹികൾ മാലിന്യം തള്ളി. ഇന്നലെ രാവിലെ കുളിക്കാനെത്തിയ കുട്ടികളാണ് കുളിക്കടവിൽ മാലിന്യം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. നിർമ്മാണ അവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ പഴവർഗങ്ങളുമാണ് ചാക്കിൽകെട്ടി കടവിലും പുഴയിലും തള്ളിയത്. കുളിക്കാനെത്തിയ കുട്ടികൾ പരിസ്ഥിതി പ്രവർത്തകനായ മജീദിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കിയശേഷമാണ് പുഴയിലിറങ്ങിയത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ മുടക്കിയാണ് ചൊവ്വരഫെറി കടവിൽ നീന്തൽ സൗകര്യത്തോടു കൂടിയ കുളിക്കടവ് നിർമ്മിച്ചത്. സ്‌കൂളുകൾ അടച്ചതോടെ വിവിധ പ്രായത്തിലുള്ള കുട്ടികളാണ് ഇവിടെ നീന്താനെത്തുന്നത്.