കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ നാളെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കെ എറണാകുളത്ത് അഞ്ച് വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചതും കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ ഒമ്പതു പേരായി. 4196 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
മൂന്നാറിൽ നിന്ന് ദുബായിലേയ്ക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവച്ച ലണ്ടൻ സ്വദേശികളുടെ സംഘത്തിലെ അഞ്ചു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു. 17 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 12 പേരെ തിരികെ സ്വദേശത്തേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു.
# വീടുകളിൽ 4196 പേർ
വീടുകളിൽ 4196 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ ഇന്നലെ 7 പേരെക്കൂടി ഐസൊലേഷൻ വാർഡിലാക്കി.
ജില്ലയിൽ 28 പേർ ആശുപത്രികളിലുണ്ട്. ഇവരിൽ 24 പേർ കളമശേരിയിലും 4 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്.
ഇന്നലെ 33 സാമ്പിളുകളാണ് ആലപ്പുഴ എൻ.ഐ.വിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
# സി ട്രാക്കർ പരിശോധന തുടങ്ങി
വിമാനത്താവളങ്ങൾ വഴിയും മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങിയും റോഡ്, റെയിൽ മാർഗങ്ങൾ വഴി ജില്ലയിലെത്തിയവരെ കണ്ടെത്താൻ സി ട്രാക്കർ സംവിധാനം വഴി വിവരശേഖരണം ആരംഭിച്ചു. 1833 വാർഡുകളിൽ ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും ഉൾപ്പെടുന്ന സംഘങ്ങൾ വിവരശേഖരണം നടത്തും.
കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയ 20 വിമാനങ്ങളിലെ 2,262 യാത്രക്കാരെ പരിശോധിച്ച് വിവിധ ജില്ലകളിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി.
# 498 ഫോൺ വിളികൾ
കൊറോണ കൺട്രോൾ റൂമിൽ 498 ഫോൺ വിളികൾ ഇന്നലെ ലഭിച്ചു. 223 എണ്ണം പൊതുജനങ്ങളിൽ നിന്നും 161 എണ്ണം നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കുന്നവരിൽ നിന്നും 48 എണ്ണം സ്ഥാപനങ്ങളിൽ നിന്നും 111 എണ്ണം തുടർവിവരങ്ങൾക്കുമാണ്.
# ബോധവത്കരണം തുടരുന്നു
ജില്ലയിലെ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്ക് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ കൊറോണ ബോധവത്കരണ ക്ലാസുകൾ നൽകി.
ജില്ലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള 186 വയോജനങ്ങളെ വിളിക്കുകയും ആശങ്കകളും സംശയങ്ങളും പരിഹരിക്കുകയും ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആശങ്കയകറ്റാൻ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുന്നതിന് ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് വിളിച്ചത് 21പേരെ. ഡോക്ടർമാർ ഇവരുമായി സംസാരിക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.