കൊച്ചി: കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ നൂറ് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പത്തനംതിട്ട അടൂർ ചൂരക്കോട് മുല്ലശേരിയിൽ ഉണ്ണിക്കൃഷ്‌ണനെ (56) സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു.
സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തിലാണ് കേരള ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ എന്ന സ്ഥാപനം ഉണ്ണിക്കൃഷ്ണൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 29 ബ്രാഞ്ചുകളുണ്ട്.14 ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപങ്ങൾ എടുപ്പിച്ചായിരുന്നു തട്ടിപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്നവരെയാണ് പദ്ധതിയിലേക്ക് ആകർഷിച്ചിരുന്നത്. പെൻഷൻ തുക നിക്ഷേപിച്ചാൽ മാസം ശമ്പളംപോലെ ഒരു തുക കിട്ടുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്. ഷിപ്പ് യാർഡ്, കെ.ആർ.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരാണ് കൂടുതലായി തട്ടിപ്പിനിരയായത്. പെൻഷൻ തുകയിൽ കിട്ടുന്ന അഞ്ചും ആറു ലക്ഷം രൂപയാണ് ഇവർ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ബ്രാഞ്ചുകൾ എല്ലാം അടച്ചുപൂട്ടി ഉണ്ണിക്കൃഷ്‌ണൻ ഒളിവിലായിരുന്നു.
സൈബർസെല്ലിന്റെ സഹായത്തോടെ നടക്കുന്ന അന്വേഷണത്തിൽ ഇന്നലെ ഇയാൾ തൊടുപുഴയിൽ എത്തിയതായി വിവരം ലഭിച്ചു. തൊടുപുഴയിൽ കോലാനി എന്ന സ്ഥലത്ത് വാടകയ്ക്ക് വീടെടുത്ത് കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ ,എസ്.ഐ തോമസ്, കിരൺ സി. നായർ അരുൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
തട്ടിയെടുന്ന പണം സ്വന്തം ബിസിനസിന്
നിക്ഷേപകരെ പറ്റിച്ച് തട്ടിയെടുത്ത പണം ഉപയോഗിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും നിരവധി സ്ഥലങ്ങളും ആഡംബര പാസഞ്ചർ ബസുകളും വാങ്ങി. ആദ്യമാസങ്ങളിൽ കൃത്യമായി പലിശ കൊടുത്ത് ആളുകളുടെ വിശ്വാസം പറ്റുമായിരുന്നു. അതിനുശേഷം അവർ വഴി അവരുടെ കൂടെ ജോലി ചെയ്‌തിരുന്ന ആളുകളുടെയും പണം സ്ഥാപനത്തിൽ നിക്ഷേപിപ്പിക്കുന്നതായിരുന്നു രീതി. പ്രതിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 17, നോർത്ത് ഒന്ന്, ഹിൽപാലസ് ഒന്ന്, ആലപ്പുഴയിൽ 12, ചേർത്തലയിൽ രണ്ട്, തിരുവനന്തപുരത്ത് രണ്ടു കേസുകൾ വീതമുണ്ട്. സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൃഷ്ണൻ നായർ, എറണാകുളം ബ്രാഞ്ച് മാനേജർ ഗോപാലകൃഷ്ണൻ എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.