coronavirus

കൊച്ചി: കൊറോണ ബാധിതരെ ചികിത്സിക്കുന്ന ഡോക്‌ടർമാരും നഴ്സുമാരും പ്രതിരോധ കവചക്കൂട്ടിലാണ് ജീവിക്കുന്നത്. വായു കയറാത്ത കവചവുമായി എ.സിയില്ലാത്ത മുറികളിൽ വിയർത്തൊലിച്ച് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയാതെ മണിക്കൂറുകൾ തള്ളിനീക്കുന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനാണ്. നിപ്പ രോഗകാലത്തും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഈ വസ്ത്രം ധരിച്ചിരുന്നു.

കൂടുതൽ കൊറോണ ബാധിതർ എത്തിയതോടെ മുതിർന്ന ഡോക്‌‌ടർമാരും ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒ.പി സമയം കുറച്ചതോടെ കൂടുതൽ ഡോക്‌ടർമാരെ നിയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഒരാഴ്ച ജോലി ചെയ്‌താൽ അടുത്തയാഴ്ച ഓഫ് പരിഗണിക്കും.

പി.പി.ഇ

# പഴ്സണൽ പ്രൊട്ടക്‌ടീവ് എക്യുപെന്റ്സ് (പി.പി.ഇ) എന്ന അണുവിമുക്ത കവചം ഇന്ത്യയിലാണ് നിർമ്മിക്കുന്നത്.

# വില 1500-2000 രൂപ

# ഉപയോഗം ഒരു തവണമാത്രം. വി​രൽ പുറത്തുകാട്ടി​യാൽ പോലും ഉപേക്ഷി​ക്കേണ്ടി​വരും.

# പരസഹായമില്ലാതെ ധരിക്കാൻ കഴിയില്ല. ഇതിനായി രണ്ടു സ്‌റ്റാഫുണ്ടാകും. ധരിക്കാൻ അഞ്ചു മിനിട്ടെടുക്കും.

# വസ്ത്രം ധരിക്കുന്നതി​നെ ഡോണിംഗ് എന്നും ഉൗരുന്നതിനെ ഡോസിംഗും എന്നും പറയും.

# ഡോസിംഗിനു മുമ്പും അണുവി​മുക്തമാക്കണം.

# ഡോസിംഗ് കാമറയിൽ നിരീക്ഷിക്കും. തെറ്റായ രീതിയിലാണ് ഡോസിംഗ് നടത്തുന്നതെങ്കിൽ വിളിച്ചുവരുത്തി​ പറഞ്ഞുകൊടുക്കും.

ആ നാലു മണിക്കൂർ...

# നാലു മണിക്കൂറാണ് കവചിതവസ്ത്രം ധരിച്ച് ജോലി ചെയ്യുക.

# ദാഹജലം കുടിക്കാനോ ബാത്ത് റൂമിൽ പോകാനോ കഴിയില്ല.

# എറണാകുളം മെഡിക്കൽ കോളേജിൽ ഒരു ഷിഫ്റ്റിൽ ഡ്യൂട്ടി നോക്കുന്ന എട്ടംഗ സംഘത്തിൽ രണ്ടു ഡോക്‌ടർമാർ, നാലു നഴ്സുമാർ, രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫ്.

ഡ്യൂട്ടികഴിഞ്ഞാലും

കരുതലോടെ

# നാലു മണിക്കൂറാണ് ഒരു ഡ്യൂട്ടി. അതുകഴിഞ്ഞാൽ അടുത്ത ദിവസം ഡ്യൂട്ടി ചെയ്താൽ മതി.

# മിക്കവരും വീട്ടിൽ പോകാതെ ക്വാർട്ടേഴ്സുകളിൽ തങ്ങുകയാണ്. അപ്പോഴും മറ്റുള്ളവരുമായി ഇടപഴകാൻ അവസരം സൃഷ്ടിക്കാറില്ല.

# വീടുകളിൽ പോകുന്ന ചുരുക്കം ചില ഡോക്ടർമാർ കുടുംബാംഗങ്ങളുമായി ഇടപഴകാതെ ഒറ്റയ്ക്ക് മുറികളിൽ തങ്ങുകയാണ് ചെയ്യുന്നത്.