കോലഞ്ചേരി: കൊറോണക്കിടയിലും വ്യാപാരികളുടെ പൂട്ടു കച്ചവടം. സർക്കാർ കുപ്പിവെള്ളത്തിനു പ്രഖ്യാപിച്ച വിലക്കുറവ് മറി കടക്കാൻ പുത്തൻ തന്ത്രങ്ങളുമായാണ് ചില വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്. കുപ്പിവെള്ളം 13 രൂപ, തണുത്തതിനു 20 രൂപ. തണുപ്പിച്ച വെള്ളം വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനാണ് ശ്രമം. തണുപ്പില്ലാത്ത വെള്ളം 13 രൂപയ്ക്കു തരാമെന്നും വെള്ളം തണുപ്പിക്കാൻ വൈദ്യുതി അടക്കമുള്ള ചെലവുകളുണ്ടെന്നുമുള്ള ഇതു വരെയില്ലാത്ത വാദങ്ങൾ നിരത്തിയാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. 20 വാങ്ങുന്നത് ചോദ്യം ചെയ്യുന്നവർക്ക് 15 നു നല്കി തടിയൂരും. മുമ്പ് 20 രൂപയുടെ കുപ്പിവെള്ളം തണുപ്പിച്ചു വി​റ്റപ്പോൾ എന്തു കൊണ്ടാണ് അധിക തുക ഈടാക്കാതിരുന്നതെന്നാണ് ഉപഭോക്താക്കളുടെ ചോദ്യത്തിന് കച്ചവടക്കാർക്ക് മറുപടിയില്ല .കുപ്പിവെള്ള കമ്പനികൾ 6.75 രൂപയ്ക്കാണ് വെള്ളം മൊത്ത വ്യാപാര വിലയിൽ കടകളിൽ നല്കുന്നത്. ഇതിൽ നിന്നുമാണ് 13.25 രൂപ കൊള്ള ലാഭമെടുത്ത് കച്ചവടക്കാർ നാളിതു വരെ വില്പന നടത്തിയിരുന്നത്. ഇപ്പോൾ ഇതേ വെള്ളം വിറ്റാൽ 6.25 രൂപ ലാഭം കിട്ടുമെന്ന സ്ഥാനത്താണ് ഉയർന്ന വില ഈടാക്കാൻ കുതന്ത്രങ്ങൾ പയറ്രുന്നത്. അമിത വില ഈടാക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാണ് സിവിൽ സപ്ളൈസ് വകുപ്പ് തീരുമനിച്ചിട്ടുള്ളത്. രേഖാമൂലം സപ്ലൈ ഓഫിസർക്കു പരാതി നൽകാം. അമിത വില ഈടാക്കിയ കടയുടെ കൃത്യമായ വിവരങ്ങൾ പരാതിയിൽ ഉൾപ്പെടുത്തണം.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ സർക്കാർ 'ഹില്ലി അക്വ' എന്ന എന്ന പേരിലുള്ള കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട് ഇത് സർക്കാർ വിലയ്ക്ക് തന്നെ ലഭിക്കും. മിൽമ പുറത്തിറക്കുന്ന കുപ്പിവെള്ളം 13 രൂപയ്ക്കു തണുത്തത് മിൽമ ഔട്ട്‌ലെ​റ്റുകളിലും ലഭ്യമാണ്.

കഴിഞ്ഞ 2 മുതൽ വെള്ളക്കുപ്പിയിൽ പരമാവധി വില്പന വില 13 രൂപയാക്കിയാണ് വിതരണം നടത്തുന്നത്. സർക്കാർ നോട്ടിഫിക്കേഷനും വന്നു. ഈ വിലയിൽ കൂടുതൽ വാങ്ങിയാൽ പരാതി നല്കാവുന്നതാണ്. ഒട്ടു മിക്ക കടകളിൽ നിന്നും പഴയ സ്റ്റോക്ക് തിരിച്ചെടുത്തിട്ടുണ്ട്. കുപ്പിയിലെ കസ്റ്റമർ കെയർ നമ്പർ നോക്കി ചിലർ വിളിക്കാറുണ്ട് അവരോട് കടയിൽ നിന്ന് ബില്ല് വാങ്ങി പരാതിപ്പെടാനാണ് പറയാറുള്ളത്

രാജൻ ചിറ്റേത്ത് , ശ്രീ നാരായണ ഇൻഡസ്ട്രീസ്

കഴിഞ്ഞ 17 മുതൽ കുപ്പിവെള്ളം 13 രൂപയാക്കി സർക്കാർ ഉത്തരവിറങ്ങി അതിനു ശേഷം വില കൂട്ടി വില്ക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. ഇതു സംബന്ധിച്ച് ഇതു വരെ ഔദ്യോഗീകമായി പരാതികൾ ലഭിച്ചിട്ടില്ല

ടി. സഹീർ, കുന്നത്താനാട് താലൂക്ക് സപ്ളൈ ഓഫീസർ, പെരുമ്പാവൂർ