ആലുവ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് ആലുവ പൊലീസ് സ്റ്റേഷന് മുമ്പിലെ 'തൊണ്ടി' വാഹനങ്ങൾ നീക്കിയപ്പോൾ 'വർക്ക് ഷോപ്പ്' വാഹനങ്ങൾ ഇടം പിടിച്ചു. ആലുവ - മൂന്നാർ സംസ്ഥാന പാതയിൽ മുനിസിപ്പൽ ഗ്രൗണ്ട് മുതൽ എസ്.പി ഓഫീസ് വരെയുള്ള ഭാഗത്തെ പൊലീസിന്റെ കസ്റ്റഡി വാഹനങ്ങൾ കഴിഞ്ഞ 15 മുതലാണ് നീക്കിയത്. മൂന്ന് ദിവസമെടുത്ത് 16 വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ട്രെയിലറിൽ കയറ്റി കളമശേരി പൊലീസ് ക്യാമ്പിലേക്കാണ് നീക്കിയത്. ഇവിടെയാണ് ഇപ്പോൾ സമീപത്തെ വർക്ക് ഷോപ്പുകളിൽ നിന്നുള്ള ചെറുതും വലുതുമായ വാഹനങ്ങൾ സ്ഥാനം പിടിച്ചിട്ടുള്ളത്. തൊണ്ടി വാഹനങ്ങൾ നീക്കിയ ഭാഗത്ത് സുഖകരമായി സമീപത്തെ വർക്ക് ഷോപ്പുകളിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന അവസ്ഥയാണ്. കസ്റ്റഡി വാഹനങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ മറ്റ് വാഹനങ്ങൾ ഇവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ഫുട്പാത്ത് പോലും ഇല്ലാത്ത ഇവിടെ കാൽനട യാത്രക്കാർ റോഡിലൂടെ പോകേണ്ട അവസ്ഥയാണ്. നേരത്തെയും സമാനമായ സാഹചര്യമായിരുന്നെങ്കിലും പൊലീസിന്റെ കസ്റ്റഡി വാഹനമെന്ന പേരിൽ നാട്ടുകാർ സഹിക്കുകയായിരുന്നു. ഇത് മാറിയിട്ടും ഫുട്പാത്ത് ഉപയോഗിക്കാൻ കഴിയാത്തത് കാൽനട യാത്രക്കാരെ രോഷാകുലരാക്കുകയാണ്.
പല ഭാഗത്തും പൊലീസിന്റെ ബാരിക്കേഡും ഇരിപ്പുണ്ട്. പൊലീസ് സ്റ്റേഷൻ മാർച്ചുകൾ വരുമ്പോൾ പതിവായി തടയുന്നത് പൊതുമരാമത്ത് ഓഫീസിന് മുമ്പിലാണ്. അതിനാൽ ബാരിക്കേഡുകൾ ഫുട്പാത്തിൽ തന്നെ സൂക്ഷിക്കുകയാണ്. ഇതും കാൽനട യാത്ര ദുഷ്കരമാക്കുന്നുണ്ട്.