കോലഞ്ചേരി: ഞങ്ങളും മനുഷ്യരാണ്, ലാത്തി കൊണ്ടു തടഞ്ഞാൽ നില്ക്കുന്നതല്ല കൊറോണ. നെടുമ്പാശേരിയിൽ സ്ട്രൈക്കർ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ വേദന നിറഞ്ഞ പരിഭവം. എയർപോർട്ട് ഡ്യൂട്ടിയ്ക്ക് ഓരോ ദിവസവും വിവിധ ലോക്കൽ സ്റ്റേഷനുകളിൽ നിന്നുമാണ് പൊലീസിനെ വിന്യസിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറാണ് ജോലി. വിദേശത്തു നിന്നുമെത്തുന്നവർ വിമാനമിറങ്ങിയ ശേഷം പുറത്ത് വന്ന് വാഹനത്തിൽ കയറി പോകും വരെയുള്ള കാര്യങ്ങൾ പൊലീസാണ് പരിശോധിക്കുന്നത്. ഇവരോടൊപ്പം നിന്ന് ഇവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ, ഇവരെ സ്വീകരിക്കാൻ വന്നവരെ, ഇവർ പോകുന്ന വാഹന ഡ്രൈവർമാരെ ഉൾപ്പടെ കണ്ട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ടു ചെയ്യലാണ് ജോലി.
ഇവർക്കു പ്രതിരോധ മാർഗമായി ലഭിക്കുന്നത് ഒരേ ഒരു മാസ്ക്ക് മാത്രം. ഒരു മാസ്ക്കിന്റെ ഉപയോഗം പരമാവധി ഉപയോഗം ആറു മണിക്കൂർ മാത്രമാണെന്നിരിക്കെ 24 മണിക്കൂറും ഒറ്റ മാസ്ക്കിൽ ജോലി പൂർത്തിയാക്കേണ്ട ഗതികേടിലാണിവർ. വിദേശത്ത് നിന്ന് വീട്ടിലെത്തിയവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പൊലീസുകാർ വീണ്ടും ഭയപ്പാടിലായി . മറ്റു വകുപ്പുകളിൽ നിന്നുള്ളവർക്ക് സാനിറ്റൈസറും, ആവശ്യത്തിനുള്ള മാസ്ക്കും, ഗ്ലൗസും ഉൾപ്പടെ നല്കുമ്പോൾ ലാത്തി മാത്രമാണ് പൊലീസിന് സുരക്ഷക്കുള്ളത്. സ്റ്റേഷൻ പരിധിക്കുള്ള വിവിധ വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ സന്ദർശിച്ചും കാര്യങ്ങൾ തിരക്കേണ്ട ജോലിയും പൊലീസിനാണ് ഇതും ഇവർക്ക് ഭീതി ജനിപ്പിക്കുന്നതാണ്. ഇതിനുള്ളതും മാസ്ക്ക് മാത്രം. ഈ സാഹചര്യത്തിൽ മെഡിക്കൽ ലീവ് പോലും എടുക്കാൻ അനുവാദമില്ല.